കർണാടകയിലേക്ക് പ്രവേശന നിയന്ത്രണം ചോദ്യം ചെയ്യുന്ന ഹരജികൾ ഹൈകോടതി തള്ളി
text_fieldsകൊച്ചി: കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള പ്രവേശന നിയന്ത്രണം ചോദ്യംചെയ്യുന്ന ഹരജികൾ ഹൈകോടതി തള്ളി. അതിർത്തികടന്ന് മംഗലാപുരത്തേക്കും മറ്റും പോകാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് രണ്ട് ഡോസ് വാക്സിനെടുത്തവരടക്കം ഹാജരാക്കണമെന്ന കർണാടക സർക്കാറിെൻറ ജൂലൈ 31ലെ ഉത്തരവിനെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫ്, പൊതുപ്രവർത്തകനായ കെ.ആർ. ജയാനന്ദ എന്നിവർ നൽകിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇത് കേരള ഹൈകോടതിയുടെ അധികാര പരിധിയിലല്ലെന്ന് കോടതി വിലയിരുത്തി.
കർണാടക സര്‍ക്കാറിെൻറ നിലപാട് ഭരണഘടന ഉറപ്പുനൽകുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു ഹരജികളിലെ ആരോപണം. വിഷയത്തിൽ ഇടപെടാൻ കേരള ഹൈകോടതിക്ക് അധികാരമില്ലെന്ന് കർണാടക അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടിയെങ്കിലും കേരളത്തിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനം കേരള ഹൈകോടതിക്ക് പരിഗണിക്കാമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
വ്യക്തികളല്ലാതെ കേരള സർക്കാർ ഇക്കാര്യത്തിൽ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കർണാടകയും കേന്ദ്ര സർക്കാറും ചൂണ്ടിക്കാട്ടി. അടിയന്തര ചികിത്സക്കായി ഏത് വാഹനത്തിലെത്തിയാലും രോഗികളെ കടത്തിവിടണമെന്ന കേരള ഹൈകോടതി നിർദേശം നടപ്പാക്കിയതായും കർണാടക സർക്കാർ അറിയിച്ചു.
കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായേ കാണാനാകൂവെന്ന് കോടതി വിലയിരുത്തി. പൂർണമായ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ല. നിയന്ത്രണം യുക്തിപരമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് കർണാടക ഹൈകോടതിയാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.