എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: എസ്.ഡി.പി.ഐയും പോപുലർ ഫ്രണ്ടും നിരോധിത സംഘടനകളല്ലെന്ന് ഹൈകോടതി. എന്നാൽ, അവർ ഗുരുതരമായ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദ സംഘടനകളാണെന്നതിൽ സംശയമില്ല. പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക ഫയൽ ചെയ്ത ഹരജി തള്ളി ജസ്റ്റിസ് കെ. ഹരിപാൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശം.
സഞ്ജിത്ത് വധത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾക്ക് പങ്കില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചത്. പ്രതികളെ സംരക്ഷിക്കാനുള്ള ഒരു ശ്രമവും അന്വേഷണ ഏജൻസിക്കുള്ളതായി കരുതാനാകില്ല. എല്ലാ പ്രതികളെയും തിരിച്ചറിയുകയും കുറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത് നടപടിക്രമങ്ങൾ വൈകാനിടയാക്കും. അതോടെ അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന ആവശ്യം ഉയർന്നേക്കാം. അങ്ങനെയുണ്ടായാൽ തുടർ സംഘർഷങ്ങൾക്ക് വഴിതുറന്നേക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ, പ്രതികളെ എല്ലാം പിടികൂടുന്നതുവരെ അന്വേഷണ പുരോഗതി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് വിലയിരുത്തുകയും രണ്ടാഴ്ച കൂടുമ്പോൾ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യുകയും വേണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസ് മേധാവിയുടെ റിപ്പോർട്ടിനായി ഹരജി മേയ് 30ന് വീണ്ടും പരിഗണിക്കും. നവംബർ 15നാണ് സഞ്ജിത് കൊല്ലപ്പെട്ടത്. ആകെയുള്ള 20 പ്രതികളിൽ ഒമ്പത് പേരെ പിടികൂടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.