അഞ്ച് കോടിക്ക് മുകളിലെ തട്ടിപ്പ് അന്വേഷിക്കേണ്ടത് സി.ബി.െഎ അല്ലേയെന്ന് ഹൈകോടതി
text_fieldsകൊച്ചി: അഞ്ച് കോടിക്ക് മുകളിലെ സാമ്പത്തിക തട്ടിപ്പ് കേസുകൾ സി.ബി.ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈകോടതി. സർക്കാർ കമ്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവയിലെ മൂന്നു കോടി രൂപക്ക് മുകളിലുള്ള തട്ടിപ്പുകേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഡി.ജി.പിയുടെ സർക്കുലർ നിലവിലുണ്ടെന്ന് സർക്കാർ. കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പു കേസ് സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ ജീവനക്കാരൻ എം. വി സുരേഷ് നൽകിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹരജി 10 ദിവസത്തിനുശേഷം പരിഗണിക്കാൻ ജസ്റ്റിസ് കെ. ഹരിപാൽ മാറ്റി.
300 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ബുധനാഴ്ച കേസ് പരിഗണിക്കവെ സർക്കാർ വിശദീകരിച്ചു. ഇൗ ഘട്ടത്തിലാണ് അഞ്ച് കോടി രൂപക്ക് മുകളിലുള്ള തട്ടിപ്പ് കേസുകൾ സി.ബി.ഐ അന്വേഷിക്കണമെന്ന നിർദേശം നിലവിലില്ലേയെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞത്. ഇത്തരമൊരു നിർദേശമുണ്ടെന്ന് മറ്റൊരു കേസിൽ പറഞ്ഞതായും കോടതി ഓർമിപ്പിച്ചു. തുടർന്നാണ് ഡി.ജി.പിയുടെ സർക്കുലർ വിവരം സർക്കാർ ചൂണ്ടിക്കാട്ടിയത്.
എത്ര ഉയർന്ന തുകയുടെ കേസും ക്രൈംബ്രാഞ്ചിന് അന്വേഷിക്കാം. അതിന് ഉയർന്ന സാമ്പത്തിക പരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണം സി.ബി.ഐക്ക് വിടണമെന്നത് അനിവാര്യമല്ല. ഇക്കാര്യമെല്ലാം വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ സമയവും തേടി. കരുവന്നൂർ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.