അരിക്കൊമ്പനെ പിടികൂടുന്നത് 29 വരെ ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: ഇടുക്കി ചിന്നക്കനാലിലെ 301 കോളനിയിൽ നാശം വിതച്ച അരിക്കൊമ്പനെന്ന ആനയെ പിടികൂടുന്നത് ഹൈകോടതി തടഞ്ഞു. മാർച്ച് 29 വരെയാണ് തടഞ്ഞിരിക്കുന്നത്. ആനയെ മയക്കുവെടിെവച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിെന്റ നീക്കം ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ‘പീപ്പിൾ ഫോർ ആനിമൽ’ എന്ന സംഘടന നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വിഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിങ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ഹരജി മാർച്ച് 29 നു വീണ്ടും പരിഗണിക്കും. അതുവരെ ആന സെറ്റിൽമെന്റ് മേഖലയിൽ കോളനിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വനം വകുപ്പ് ഉറപ്പാക്കണമെന്നും ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ആനയെ നിരീക്ഷിക്കുന്നതു തുടരണം.
അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങളും തുടരാം. എന്നാൽ ഇതോടൊപ്പം ബദൽ മാർഗ്ഗങ്ങളും പരിശോധിക്കണം. മാർച്ച് 29 നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അരുണും വിഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായി നിലവിലെ സ്ഥിതിഗതികൾ വിവരിച്ചു.
ചിന്നക്കനാൽ 301 കോളനിയിൽ വീടുകൾ തകർക്കുകയും നാശം വിതയ്ക്കുകയും ചെയ്ത അരിക്കൊമ്പനെ മാർച്ച് 26 നു പിടികൂടാൻ വനംവകുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. രണ്ടു ദിവസം മോക് ഡ്രിൽ നടത്തിയശേഷം മാർച്ച് 26 നു മയക്കുവെടി െവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവും നൽകിയിരുന്നു. എന്നാൽ ആനയെ പിടികൂടി ആനക്കൂട്ടിലടയ്ക്കുന്നതിനെതിരെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് ആനയെ ഉൾവനത്തിലേക്ക് കടത്തി വിടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ഡിവിഷൻ ബെഞ്ചിലെ ഒരു ജഡ്ജി മാർച്ച് 28 വരെ അവധിയാണെന്നതു കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസിെന്റ അനുമതിയോടെ വ്യാഴാഴ്ച രാത്രി അടിയന്തര സിറ്റിങ് നടത്തിയത്. രാത്രി ഒമ്പതരയോടെയാണ് സിറ്റിങ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.