ജീവിതച്ചെലവിന് മാർഗമില്ലെങ്കിലും അവിവാഹിതക്ക് പിതാവിൽനിന്ന് ജീവനാംശത്തിന് അർഹതയില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ജീവിതച്ചെലവിന് മാർഗമില്ലെങ്കിലും പ്രായപൂർത്തിയായ അവിവാഹിതയായ മകൾക്ക് പിതാവിൽനിന്ന് ജീവനാംശത്തിന് അർഹതയില്ലെന്ന് ഹൈകോടതി. അതേസമയം, ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നയാളാണ് മകളെന്ന് തെളിയിച്ചാൽ ജീവനാംശം ആവശ്യപ്പെടാമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ഭാര്യക്കും മകൾക്കും ജീവനാംശം നൽകണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി നൽകിയ ഹരജിയിലാണ് ഉത്തരവ്. പരാതി ഫയൽ ചെയ്ത 2016 ജൂലൈ മുതൽ ഭാര്യക്ക് പ്രതിമാസം 10,000 രൂപയും മകൾക്ക് 8000 രൂപയും ജീവനാംശം നൽകാനാണ് കുടുംബകോടതി ഉത്തരവിട്ടത്.
ഭാര്യക്ക് 10,000 രൂപ നൽകണമെന്ന ഉത്തരവ് ശരിവെച്ച കോടതി, മകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 (1) പ്രകാരം പ്രായപൂർത്തിയാകുന്നതുവരെ ജീവനാംശം നൽകിയാൽ മതിയെന്ന് വ്യക്തമാക്കി. 2017ൽ മകൾക്ക് പ്രായപൂർത്തിയായെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് അനുസരിച്ച് ഹിന്ദുവായ മകൾക്ക് വിവാഹം കഴിയുന്നതുവരെ പിതാവിൽനിന്ന് ജീവനാംശത്തിന് അർഹതയുണ്ടെങ്കിലും ജീവിതച്ചെലവ് സ്വയം വഹിക്കാൻ കഴിയില്ലെന്ന് തെളിയിക്കേണ്ടതുണ്ട്.
ശാരീരിക വൈകല്യമോ മാനസിക ദൗർബല്യമോ പരിക്കോ നിമിത്തം ജീവിതച്ചെലവ് കണ്ടെത്താനാകാത്ത സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഇതിന് അർഹതയുള്ളൂ. അത്തരം സാഹചര്യങ്ങളിൽ ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് പ്രകാരമാണ് അപേക്ഷ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.