മരിച്ചാലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൗരൻ എന്ന നിലയിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് മരിച്ചാലും വ്യക്തികൾ അർഹരാണെന്ന് ഹൈകോടതി. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മൗലികമാണ്. മാന്യതയും അന്തസ്സുമുള്ള പെരുമാറ്റം മൃതദേഹത്തോടുമുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ അസ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് അത്തരമൊരു മാന്യത ലഭിക്കാറില്ല. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തി മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും കാത്തുകിടക്കേണ്ട സാഹചര്യമാണുള്ളത്. മൃതദേഹം എത്രയുംവേഗം മാന്യമായി സംസ്കരിക്കണമെന്ന് ഉറ്റവർ ആഗ്രഹിക്കുമ്പോൾ നിയമങ്ങളും നടപടിക്രമങ്ങളും അതിന് തടസ്സമാകരുതെന്നും മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കണമെന്ന ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണെൻറ ഉത്തരവിൽ പറയുന്നു.
അസ്വാഭാവിക മരണമുണ്ടായാൽ നിലവിലെ സാഹചര്യത്തിൽ ഉറ്റവരെ ആശ്വസിപ്പിച്ച് ബന്ധുക്കൾക്ക് വീട്ടിലിരിക്കാൻ കഴിയില്ല. മരണം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിച്ചാൽ ബാക്കി നടപടികൾ െചയ്യേണ്ടത് സർക്കാറാണെങ്കിലും നടക്കുന്നില്ല. മരണമുണ്ടായിടത്തേക്ക് ഉന്നത ഉദ്യോഗസ്ഥരൊന്നും വരാറില്ല. ചെറിയ ഉദ്യോഗസ്ഥരെത്തി ചില പൊലീസുകാരെ കാവൽ നിർത്തി ഇൻക്വസ്റ്റിന് ഉന്നത ഉദ്യോഗസ്ഥൻ എത്തുമെന്ന് പറഞ്ഞ് മടങ്ങും. പിന്നീട് ഏറെ വൈകിയാണ് ഉദ്യോഗസ്ഥർ എത്തുക. രാത്രി പോസ്റ്റ്മോർട്ടം ഇല്ലാത്തതിനാൽ മൃതദേഹം വിട്ടുകിട്ടാൻ പിന്നെയും വൈകും. എത്രയുംവേഗം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ക്രിമിനൽ നടപടിചട്ടം 174 പറയുന്നത്. ഇത് കൃത്യമായി നടപ്പാക്കണം.
രാത്രികാല പോസ്റ്റ്മോർട്ടം പോലുള്ള കാര്യങ്ങളിൽ ആഡംബര സൗകര്യങ്ങൾക്ക് കാത്തുനിൽക്കാതെ സർക്കാറുമായി സഹകരിക്കണമെന്ന് ഡോക്ടർമാരോടും കോടതി നിർദേശിച്ചു. എ.സി സൗകര്യമുള്ള മാരുതി കാർ നൽകുേമ്പാൾ ആഡംബര സൗകര്യങ്ങളുള്ള ബി.എം.ഡബ്ല്യു കാറിന് നിർബന്ധം പിടിക്കരുത്. പൗരനെന്ന നിലയിലുള്ള ചുമതലബോധമാണ് ആദ്യം ഉണ്ടാകേണ്ടത്. അതിനുശേഷം മാത്രമേ തൊഴിൽ വരൂ. അത്തരത്തിലുള്ള സേവനം അവരിൽനിന്നുണ്ടാവണം. സാമ്പത്തിക പരിമിതിയിലാണെങ്കിലും പരമാവധി സൗകര്യങ്ങൾ ഒരുക്കിനൽകാൻ സർക്കാർ തയാറാകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.