"ആനക്കോട്ടയിൽ നടക്കുന്നതിനെ സംബന്ധിച്ച് ദേവസ്വത്തിന് എന്തെങ്കിലും അറിവുണ്ടോ..?"; ആനകളെ മർദിച്ച സംഭവത്തിൽ ഇടപെട്ട് ഹൈകോടതി
text_fieldsകൊച്ചി: ഗുരുവായൂർ ആനക്കോട്ടയിൽ ആനയെ പാപ്പാൻമാർ മർദിച്ച സംഭവത്തിൽ ഹൈകോടതി ഇടപെടൽ. ആനക്കോട്ടയിൽ നടക്കുന്നതിനെ സംബന്ധിച്ച് ദേവസ്വത്തിന് എന്തെങ്കിലും അറിവുണ്ടോയെന്ന് ഹൈകോടതി ചോദിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴല്ലേ സംഭവത്തെ കുറിച്ചു അറിഞ്ഞെതെന്നും ജസ്റ്റിസ് അനിൽ.കെ. നരേന്ദ്രൻ ചോദിച്ചു. ആനക്കോട്ടയിലെ ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട് സംഗീത് അയ്യർ എന്നയാൾ നേരത്തെ നൽകിയ ഹരജി പരിഗണിക്കവെയാണ് ആനയെ മർദിച്ച വിഷയത്തിൽ ഹൈകോടതി ഇടപ്പെട്ടത്.
ആനക്കോട്ടയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും മർദിച്ചവർക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ദേവസ്വം ബോർഡിനോട് ചോദിച്ചു. ആന ചെറിയ കുറമ്പ് കാട്ടിയപ്പോഴാണ് വടികൊണ്ടടിച്ചതെന്ന് വിശദീകരിക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചെങ്കിലും കോടതി ആ വാദം തള്ളി.
അങ്ങനെ ഉണ്ടായാൽ ഈ തരത്തിലാണോ ആനയോട് പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്നും സി.സി.ടി.വി ഉറപ്പാക്കണമെന്നും നിർദേശം നല്‍കി. ആനകളെ നിയന്ത്രിക്കാൻ ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശം നൽകി . കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് ആനക്കോട്ടയില്‍ ആനകളെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. രണ്ട് ആനകളെ പാപ്പാന്‍മാര്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും രണ്ട് പാപ്പാന്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഗുരുവായൂരിൽ ആനകൾക്ക് മർദനമേറ്റ സംഭവത്തില്‍ ആർക്കൊക്കെ വീഴ്ചയുണ്ടായെന്ന് പരിശോധിക്കാൻ മന്ത്രി കെ. രാധാകൃഷ്ണന്‍ ദേവസ്വം ബോർഡിന് നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.