വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈകോടതി തള്ളി, പരാതിക്കാരന് ഒരു ലക്ഷം പിഴ
text_fieldsകൊച്ചി: കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിലുള്ള പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന ഹരജി ഹൈകോടതി തള്ളി. പരാതിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഹരജിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്ന് ഹൈകോടതി നിരീക്ഷിച്ചു.
പ്രശസ്തിക്ക് വേണ്ടി നൽകിയ ഹരജിയാണ്. നിരവധി കേസുകൾ കെട്ടികിടക്കുന്ന സാഹചര്യത്തിൽ കോടതിയുടെ സമയം പാഴാക്കുകയാണ് ഹരജിക്കാരൻ ചെയ്തതെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് വ്യക്തമാക്കി.
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചത് ചോദ്യം ചെയ്ത് കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിലാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മറ്റ് രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയടക്കം ഭരണാധികാരികളുടെ ചിത്രമില്ലെന്നാണ് ഹരജിക്കാരന് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇത്തരമൊരു ഹരജി നിലനിൽക്കുന്നതല്ലെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വാദം.
ഡിസംബർ 13ന് ഹരജി പരിഗണിക്കവെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ എതിർക്കുന്നതെന്തിനെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. ജനവിധി അനുസരിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽ പതിക്കുന്നതിൽ എന്ത് പ്രശ്നമാണുള്ളത്. വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമാവാം. എങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിന്റെ പേരിൽ ലജ്ജിക്കുന്നതെന്തിനാണെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ വാക്കാൽ ചോദിച്ചിരുന്നു.
മറ്റ് രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി അടക്കം ഭരണാധികാരികളുടെ ചിത്രമില്ലെന്ന് ഹരജിക്കാരൻ വാദിച്ചു. എന്നാൽ, അവർക്ക് അവരുടെ പ്രധാനമന്ത്രിമാരിൽ അഭിമാനം ഉണ്ടാവില്ലെന്നും നമ്മുടെ പ്രധാനമന്ത്രിയിൽ നമുക്ക് അഭിമാനമുണ്ടെന്നുമായിരുന്നു കോടതിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.