ക്വാറിയിൽ കണ്ടുവെന്നതിന്‍റെ പേരിൽ കാലി വാഹനം പിടിച്ചെടുക്കാനാകില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ക്വാറിയിൽ വാഹനം കണ്ടെത്തിയെന്നതിന്‍റെ പേരിൽ മാത്രം അനധികൃത ഖനനം ആരോപിച്ച് വാഹനം പിടിച്ചെടുക്കാനാകില്ലെന്ന് ഹൈകോടതി. കാലിയായ വാഹനം അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവെന്ന് കരുതാനാവില്ല. കുറ്റം ആരോപിക്കണമെങ്കിൽ അതിൽ ഖനന വസ്തു ഉണ്ടാകണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി.
വെട്ടുകല്ല് കടത്തിയെന്നാരോപിച്ച് വളാഞ്ചേരി പൊലീസ് പിടിച്ചെടുത്ത ലോറികൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി വി.പി. രഘുനാഥൻ അടക്കമുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ലോറിയിൽ വെട്ടുകല്ല് ഉണ്ടായിരുന്നില്ല എന്നതിനാൽ വാഹനം പിടിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാൽ, പാസ് പോലുമില്ലാതെ വെട്ടുകല്ല് കൊണ്ടുപോകാൻ ഉപയോഗിച്ച ലോറികളാണ് പിടിച്ചെടുത്തതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. വലിയ തോതിൽ അനധികൃതമായി കല്ലുവെട്ടി മാറ്റുന്ന സ്ഥലത്തുനിന്നാണ് ലോറി പിടിച്ചെടുത്തത്. വാഹനം വിട്ടുകിട്ടാൻ മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കി.
എന്നാൽ, മഹസറിലടക്കം ലോറികൾ കാലിയായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ലോറികൾ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയ കോടതി, വാഹനങ്ങൾ വിട്ടുനൽകാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.