ഭിന്നശേഷി സംവരണത്തിൽ പ്രഥമ പരിഗണന കാഴ്ചപരിമിതർക്കെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികയിലെ നിയമനത്തിന് കാഴ്ചപരിമിതർക്കാണ് പ്രഥമ പരിഗണനയെന്ന് ഹൈകോടതി. ഇവരില്ലെങ്കിലേ കേൾവി, ചലന പരിമിതികളുള്ളവരെ പരിഗണിക്കാവൂവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഭിന്നശേഷിയുള്ളവർക്കുള്ള സംസ്ഥാന കമീഷണർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് ചേന്ദമംഗലൂർ സുന്നിയ്യ അറബിക് കോളജ് മാനേജർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോളജിലെ അസി. പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ ഭിന്നശേഷിക്കാരിയായ അപേക്ഷകക്ക് നിയമനം നൽകണമെന്നായിരുന്നു കമീഷണറുടെ ഉത്തരവ്. ചലനപരിമിതി നേരിടുന്ന അപേക്ഷക നൽകിയ പരാതിയിലായിരുന്നു ഉത്തരവ്.
ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ട തസ്തികയിൽ ഓപൺ കാറ്റഗറിയിൽനിന്ന് നിയമനം നൽകിയെന്നായിരുന്നു പരാതി. കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് നിയമനം ലഭിച്ച ഉദ്യോഗാർഥിയും കോടതിയിൽ എത്തിയിരുന്നു. നിയമത്തിൽ പറയുന്നത് വിശദമായി പരിശോധിക്കാതെ ചലനവൈകല്യമുള്ള അപേക്ഷകയെ പരിഗണിക്കാൻ കമീഷണർ ഉത്തരവിടുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.
ഭിന്ന ശേഷിക്കാർക്ക് സംവരണം ഉറപ്പുവരുത്തുന്ന 2016ലെ നിയമ പ്രകാരം കാഴ്ചപരിമിതർക്കാണ് ആദ്യം അവസരം നൽകേണ്ടത്. അത്തരം അപേക്ഷകർ ഇല്ലെങ്കിലാണ് ചലന വെല്ലുവിളി നേരിടുന്നവരെ പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി കമീഷണറുടെ ഉത്തരവ് റദ്ദാക്കി. പരാതി വീണ്ടും പരിഗണിച്ച് എല്ലാ കക്ഷികളെയും കേട്ട് തീരുമാനമെടുക്കാൻ നിർദേശിച്ച് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.