വ്യവസ്ഥയിലെ പഴുത് ഉപയോഗിച്ച് സർക്കാർ ജീവനക്കാരന്റെ ചികിത്സ ചെലവ് നിരസിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സക്ക് ചെലവാകുന്ന തുക (മെഡിക്കൽ റീഇംപേഴ്സ്മെന്റ്) വ്യവസ്ഥയിലെ പഴുത് ഉപയോഗിച്ച് നിഷേധിക്കാൻ സർക്കാറിനാവില്ലെന്ന് ഹൈകോടതി. ചികിത്സ തുക മടക്കിനൽകൽ പദ്ധതിക്ക് കീഴിൽ അംഗീകാരം നൽകിയ ആശുപത്രിയിൽ, അംഗീകാരമില്ലാത്ത ഡിപ്പാർട്മെന്റ് മുഖേന ചികിത്സ നടത്തിയെന്ന പേരിൽ പണം തിരികെ നൽകാൻ വിസമ്മതിച്ച സർക്കാർ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഉത്തരവ്.
അർബുദബാധിതനായ പിതാവിനെ ചികിത്സിച്ച ഇനത്തിൽ ലഭിക്കേണ്ട തുക അനുവദിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട കാതോലിക്കറ്റ് കോളജ് അസി. പ്രഫസർ ഡോ. ജോർജ് തോമസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ചികിത്സ ചെലവ് ആവശ്യപ്പെട്ട് രണ്ടാഴ്ചക്കകം അപേക്ഷ നൽകാനും മൂന്ന് മാസത്തിനകം അത് നിയമപരമായി പരിഗണിച്ച് പണം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
2018 മേയ് 14ന് ഹരജിക്കാരൻ പിതാവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പത്തനംതിട്ട സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലേക്ക് മാറ്റി. തുടർന്ന് അവിടെ, ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ഡിപ്പാർട്മെൻറ് മുഖേന താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി.
ചികിത്സക്ക് ചെലവായ തിരിച്ചു നൽകാൻ അപേക്ഷ നൽകിയപ്പോൾ, ആരോഗ്യ ഡയറക്ടർ ചെലവായ മുഴുവൻ തുകയും അനുവദിച്ചില്ല. വീണ്ടും ചികിത്സ വേണ്ടി വന്നപ്പോഴും ചെലവായ തുകക്കു അപേക്ഷിച്ചെങ്കിലും സർക്കാർ ആശുപത്രിയിലോ എംപാനൽ ചെയ്ത ഡിപ്പാർട്മെന്റിലോ ചികിത്സ തേടിയിട്ടില്ലെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിച്ചു.
ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ഡിപ്പാർട്മെൻറ് എംപാനൽ ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ആശുപത്രിയും മെഡിക്കൽ ആൻഡ് സർജിക്കൽ ഓങ്കോളജി ഡിപ്പാർട്മെന്റും അംഗീകാര പട്ടികയിലുണ്ടെന്നിരിക്കെ ജനറൽ ആൻഡ് ലാപറോസ്കോപിക് സർജറി ഡിപ്പാർട്മെൻറ് എംപാനൽ ചെയ്തിട്ടില്ലെന്ന പേരിൽ തുക നിഷേധിക്കാനാവില്ലെന്ന് ഹരജിക്കാരൻ വാദിച്ചു.
ആശുപത്രിക്കും മെഡിക്കൽ ഓങ്കോളജി ഡിപ്പാർട്മെന്റിനും എംപാനൽ അംഗീകാരമുള്ള സാഹചര്യത്തിൽ തുക നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. തുക നൽകില്ലെന്ന വാദം വസ്തുതാപരവും നിയമപരവുമായി നിലനിൽക്കുന്നതുമല്ല. സർക്കാർ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ ചെലവ് വഹിക്കുകയെന്നത് സർക്കാറുകളുടെ ഭരണഘടനാപരവും നിയമപരവുമായ ബാധ്യത നിരസിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.