ക്രിമിനൽ കേസും തടവറയും മുന്നിൽകണ്ട് അധ്യാപകർക്ക് ജോലി ചെയ്യേണ്ട അവസ്ഥയെന്ന് ഹൈകോടതി
text_fieldsകൊച്ചി: സാങ്കേതികവിദ്യ പുരോഗമിച്ച ഇക്കാലത്ത് ക്രിമിനൽ കേസും തടവറയും ഭയന്ന് കുട്ടികൾക്ക് ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് ഹൈകോടതി. എന്ത് ചെയ്യണം, ചെയ്യേണ്ട എന്ന ഭയമാണവർക്ക്.
അധ്യാപകരെ ബഹുമാനിക്കാത്ത ദുസ്വഭാവം ചില കുട്ടികൾ സ്ഥിരമായി പുലർത്തുന്നു. സ്ഥാപനത്തിന്‍റെ അച്ചടക്കത്തിന്‍റെയും പഠനത്തിന്‍റെയും ഭാഗമായി നൽകുന്ന നിർദേശങ്ങളെയും ശിക്ഷകളെയും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനൽ കേസിന് അവസരമായി കുട്ടികൾ മാറ്റുന്നു. ഇത് വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ സുഗമമായ പ്രവർത്തനത്തിന് ഭീഷണിയാണെന്ന് മാത്രമല്ല, അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതേ നില തുടരുകയാണെങ്കിൽ അച്ചടക്കമുള്ള പുതിയ തലമുറയെ എങ്ങനെ വാർത്തെടുക്കാനാവുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയെ ശിക്ഷിച്ചെന്ന പേരിൽ അധ്യാപികക്കെതിരെയെടുത്ത കേസിലെ തുടർനടപടികൾ റദ്ദാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.
ഡെസ്കിൽ കാൽ കയറ്റിവെച്ച് ക്ലാസിലിരുന്നത് ചോദ്യംചെയ്ത അധ്യാപികയെ വിദ്യാർഥി അസഭ്യം പറഞ്ഞതിനെത്തുടർന്ന് വടിയെടുത്ത് അടിച്ചിരുന്നു. എന്നാൽ, അടിച്ച് പരിക്കേൽപിച്ചെന്ന പേരിൽ കൊടുത്ത പരാതിയിൽ വാടാനപ്പള്ളി പൊലീസ് കേസെടുത്തു. തൃശൂർ അഡീ. സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അധ്യാപിക കോടതിയെ സമീപിക്കുകയായിരുന്നു.
ദക്ഷിണയായി ഗുരു ചോദിച്ച പെരുവിരൽ മടിയില്ലാതെ മുറിച്ചുനൽകിയ ഏകലവ്യന്‍റെ കാലമുണ്ടായിരുന്നു. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ അധ്യാപക-വിദ്യാർഥിബന്ധം കീഴ്മേൽ മറിഞ്ഞതായി കോടതി അഭിപ്രായപ്പെട്ടു. ക്ലാസിൽ മര്യാദയോടെ ഇരിക്കാൻ പറഞ്ഞതിനാണ് വിദ്യാർഥി അധ്യാപികയെ അസഭ്യം പറഞ്ഞത്. അതിനാണ് കുട്ടിയെ ശിക്ഷിച്ചത്. കുട്ടിക്ക് അനാവശ്യമായി മാനസിക-ശാരീരിക ബുദ്ധിമുട്ടുണ്ടാക്കാൻ അധ്യാപികയിൽനിന്ന് ബോധപൂർവ ശ്രമമുണ്ടായിട്ടില്ല. ശിക്ഷ മുറിവേൽപിക്കാനിടയാക്കിയിട്ടുമില്ല. അതിനാൽ, ഇതിന്‍റെ പേരിൽ ബാലനീതി നിയമപ്രകാരമടക്കമുള്ള കുറ്റകൃത്യം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കേസിലെ തുടർനടപടികൾ റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.