ഭൂമി തരം മാറ്റം: ഫീസും കൃഷി വികസന ഫണ്ടിൽ നിക്ഷേപിച്ച തുകയും അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റൽ ക്രമപ്പെടുത്താൻ ഫീസ് ഇനത്തിൽ ഈടാക്കിയതും കൃഷി വികസന ഫണ്ടിൽ നിക്ഷേപിച്ചതും എത്ര തുകയെന്ന് അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി.
2020-21ലും 2021-22ലും സമാഹരിച്ച തുക എത്രയെന്നും തുക കൃഷി വികസന ഫണ്ടിലേക്ക് അടക്കണമെന്ന് നിയമപരമായ വ്യവസ്ഥയിരിക്കെ ചെയ്യാതിരുന്നതിന്റെ കാരണം രേഖകൾ സഹിതം രണ്ടാഴ്ചക്കകം അറിയിക്കാനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭൂമി തരംമാറ്റൽ ക്രമപ്പെടുത്തുന്നതിന് ഈടാക്കുന്ന തുക കൃഷി വികസന ഫണ്ടിലേക്ക് അടക്കുന്നില്ലെന്നും ഇതിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് തൃശൂർ വേലുപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2021-22ൽ സമാഹരിച്ച 239 കോടിയിലേറെ രൂപ ഫണ്ടിൽ നിക്ഷേപിക്കാനുണ്ടെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ഹരജിക്കാരൻ വാദിച്ചു. 2020 -21ൽ 700 കോടിയിലേറെ സമാഹരിച്ചിട്ടുണ്ടെന്ന് വാദിച്ചെങ്കിലും രേഖകൾ സമർപ്പിക്കാനായില്ല. തുടർന്നാണ് നിയമവ്യവസ്ഥ നിലവിൽ വന്നത് മുതൽ പിരിച്ചെടുത്തതും അടച്ചതുമായ തുകയുടെ വിശദാംശങ്ങൾ നൽകാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.