നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി
text_fieldsകൊച്ചി: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്ന് ഹൈകോടതി നിര്ദ്ദേശിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ നൽകിയ ഹർജിയിലാണ് നിർദേശം. കേസിൽ ഉൾപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബർ ഏഴിന് പരിഗണിക്കാനായി മാറ്റിവെച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് പണം നൽകാൻ ക്വാട്ട നിശ്ചയിച്ചായിരുന്നു അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകൾ അൻപതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണമെന്നായിരുന്നു നിർദേശം. കോർപ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ല പഞ്ചായത്ത് നൽകേണ്ടത് മൂന്ന് ലക്ഷം രൂപയുമായിരുന്നു. സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നൽകാനായിരുന്നു ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതായിരുന്നു സർക്കാർ തീരുമാനം.
ഇതിനിടെ, നവകേരള സദസിന് ഫണ്ട് കണ്ടെത്താനുള്ള ചുമതല ജില്ല കലക്ടർമാർക്ക് നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്. ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും തുടർന്നുള്ള നവകേരള സദസ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാൻ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നുമാവശ്യപ്പെട്ട് പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ ജോളിമോൻ കാലായിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്.
സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടിയ കോടതി, വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. 140 നിയമസഭ മണ്ഡലങ്ങളിലും സ്പോൺസർഷിപ്പിലൂടെ ചെലവ് കണ്ടെത്തിയാണ് നവകേരള സദസ് നടത്തുന്നത്. സ്പോൺസർമാരെ കണ്ടെത്താൻ ജനപ്രതിനിധികളുമായും പ്രധാന സർക്കാർ ഉദ്യോഗസ്ഥരുമായും കലക്ടർമാർ ചർച്ച നടത്തണമെന്ന് ഒക്ടോബർ 16ലെ ഉത്തരവിലുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ സ്പോൺസർഷിപ് സംഘടിപ്പിക്കുന്നത് അഖിലേന്ത്യ സർവിസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.