വൈദ്യുതി നിരക്ക് വർധന ആവശ്യം അതേപടി അംഗീകരിക്കാനിടയില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനക്കായി കെ.എസ്.ഇ.ബി നൽകിയ താരിഫ് പെറ്റീഷൻ വൈദ്യുതി റെഗുലേറ്ററി കമീഷൻ അതേപടി അംഗീകരിക്കാനിടയില്ല. ഇതിനകം നടന്ന തെളിവെടുപ്പുകളിൽ ഉപഭോക്താക്കളിൽ സമർപ്പിച്ച കണക്കുകളും നിർദേശങ്ങളും കമീഷൻ ഗൗരവമായി പരിശോധിച്ചുവരികയാണ്.
ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ കാലാകാലങ്ങളിൽ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാതെ പുറത്തുനിന്ന് ഉയർന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങുന്നതിന്റെ ഭാരം ബില്ലിൽ അടിച്ചേൽപിക്കുന്നതിനെതിരെ തെളിവെടുപ്പുകളിൽ വലിയ പ്രതിഷേധമാണുയർന്നത്. മുൻകാലങ്ങളിലൊന്നും ഇല്ലാത്ത ജനരോഷം സംസ്ഥാനത്ത് നാലിടങ്ങളിലായി നടന്ന തെളിവെടുപ്പുകളിലുണ്ടായി.
2024-25 വർഷം യൂനിറ്റിന് 30.19 പൈസയുടെ വർധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുള്ളത്. സമ്മർതാരിഫായി ജനുവരി മുതൽ മേയ് വരെയുള്ള കാലയവളിൽ 10 പൈസ അധികവും ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ യൂനിറ്റിന് പരമാവധി 20 പൈസയിലധികം വർധനക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
സമ്മർതാരിഫ് നിർദേശം താരിഫ് പെറ്റീഷനിൽ കെ.എസ്.ഇ.ബി ഉൾപ്പെടുത്തിയത് വേനൽകാലത്തെ അധിക വൈദ്യുതി ഉപയോഗവും അതിന്റെ ബാധ്യതയും കമീഷന്റെ ശ്രദ്ധയിൽകൊണ്ടുവരാൻ കൂടിയായിരുന്നു. ‘സമ്മർതാരിഫ്’ അംഗീകരിക്കാനുള്ള സാധ്യത വിരളമാണെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും യൂനിറ്റിന് 20 പൈസയിൽ കുറയാത്ത വർധന കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നു.
കെ.എസ്.ഇ.ബി നിരക്ക് വർധനക്കായി നിരത്തുന്ന വരവ് ചെലവ് കണക്കുകളും നിരക്ക് വർധന ആവശ്യവും അതേപടി മുൻകാലങ്ങളിൽ നടപ്പാക്കിയിട്ടില്ലെന്നാണ് കമീഷൻ ചൂണ്ടിക്കാട്ടുന്നത്. ഇതിനകം അംഗീകരിച്ച ചെലവുകളും താരിഫ് വർധനവുകളും കെ.എസ്.ഇ.ബി സമർപ്പിച്ച നിർദേശങ്ങളേക്കാൾ വളരെ കുറവാണെന്നും കമീഷൻ പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇലക്ട്രിസിറ്റി ആക്ടിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പുകൾ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. ആഗസ്റ്റ് രണ്ടിനാണ് കെ.എസ്.ഇ.ബി അപേക്ഷ നൽകിയത്. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ കമീഷൻ നിരക്ക് വർധന സംബന്ധിച്ച ഉത്തവിറക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.