അശോകയെ തൊടാതെ പോരെ റോഡ് വികസനം?; ഈ പൈതൃകമുദ്രക്ക് പറയാൻ കഥകളേറെയുണ്ട്
text_fieldsകോഴിക്കോട്: പൈതൃകമുദ്രകൾ റോഡ് വികസനത്തിന്റെ ഭാഗമായി ഇല്ലാതാക്കാനാവുമോ? കോഴിക്കോട് നഗരത്തിന്റെ ഗൃഹാതുര ഓർമകൾ കുടികൊള്ളുന്ന അശോക ആശുപത്രി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കുമെന്ന വാർത്ത പരന്നതോടെ പൈതൃകസ്നേഹികൾ ആശങ്കയിലാണ്. 90 പിന്നിട്ട ഈ കെട്ടിടം പൊളിക്കുന്നത് പൈതൃകസംരക്ഷണ നിയമത്തിന്റെ ലംഘനമാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
ആശുപത്രിയുടെ പ്രവർത്തനം നിലക്കുന്നു എന്ന വാർത്ത 'മാധ്യമം' പുറത്തുവിട്ടതോടെ വികാരഭരിതമായ പ്രതികരണങ്ങളാണ് വായനക്കാരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. വികസനത്തിന്റെ പേരിൽ പഴമയുടെ മുദ്രകൾ ഇല്ലാതാക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുകയാണ്. കേട്ടതിനേക്കാൾ ഇനിയും അറിയാനുണ്ട് ഈ ജനകീയ ആതുരാലയത്തിന്റെ ചരിത്രത്തിന്. അത് മതസൗഹാർദത്തിന്റെയും മാനവികതയുടെയും കൂടി കഥകളാണ്.
ആ കഥ ഇങ്ങനെ
അശോക ആശുപത്രിയിലെ ഉമ്പിച്ചി തിയറ്റർ ഒരു വലിയ സൗഹൃദത്തിന്റെ ചരിത്രം ഓർമിപ്പിക്കുന്നതാണ്. ചാലിയത്തെ പ്രമുഖനായിരുന്ന ജെ.പി. ഉമ്പിച്ചി എന്ന മനുഷ്യസ്നേഹിയുടെ ഓർമക്കാണ് ഈ ആതുരാലയത്തിലെ തിയറ്ററിന് 'ഉമ്പിച്ചി തിയറ്റർ' എന്ന പേരിട്ടത്. അശോക ആശുപത്രിയുടെ സ്ഥാപകൻ ഡോ. വി.ഐ രാമന് യൂറോപ്പിൽ പോയി വൈദ്യം പഠിക്കാൻ എല്ലാ സഹായങ്ങളും നൽകിയതിന്റെ നന്ദിസൂചകമായാണ് അശോക ആശുപത്രിയിൽ ഉമ്പിച്ചിഹാജിക്ക് സ്മാരകം ഉണ്ടായത്. അടുത്ത കാലം വരെ അശോക ഹോസ്പിറ്റലിന്റെ പ്രധാന കെട്ടിടത്തിന്റെ പേര് ഉമ്പിച്ചി തിയേറ്റർ എന്നായിരുന്നു. ഉമ്പിച്ചി ഹാജിയുടെ ഒരു ചിത്രവും അതിൽ പ്രദർശിപ്പിച്ചിരുന്നു.
അശോക ആശുപത്രി സ്ഥാപിക്കാൻ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ഉമ്പിച്ചി ഹാജിയുടേതായിരുന്നുവെന്ന് കോഴിക്കോട്ടെ മുസ്‍ലിംകളുടെ ചരിത്രം (പി.പി. മമ്മദ് കോയ പരപ്പിൽ) എന്ന ഗ്രന്ഥം രേഖപ്പെടുത്തുന്നു. സിലോണിൽ വ്യാപാരിയായിരുന്ന ഉമ്പിച്ചിഹാജി വലിയ മനുഷ്യസ്നേഹി കൂടിയായിരുന്നു. നാട്ടിലും അദ്ദേഹത്തിന് സംരംഭങ്ങളുണ്ടായിരുന്നു.
ഡോ. ഐ.വി രാമന്റെ പിതാവ് ഉമ്പിച്ചിഹാജിയുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തന്റെ കീഴിലെ ജോലിക്കാരന്റെ മിടുക്കനായ മകന് യൂറോപിൽ പോയി വൈദ്യം പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അതിന് വേണ്ട സഹായം നൽകിയത് ഉമ്പിച്ചിഹാജി. പഠനം കഴിഞ്ഞ് ഡോ. രാമൻ കൊളംബോയിൽ പ്രാക്ടീസിലായിരുന്നു.
അക്കാലത്ത് നാട്ടിൽ കോളറ വന്ന് ആയിരക്കണക്കിന് പേർ ചികിത്സ കിട്ടാതെ മരിച്ച സംഭവം ഉമ്പിച്ചിഹാജിയെ വേദനിപ്പിച്ചു. മലബാറിൽ ആധുനിക ആശുപത്രി വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി ഡോ. വി.ഐ രാമന് സാമ്പത്തിക സഹായം നൽകി എന്നാണ് ചരിത്രം. ദരിദ്രർക്ക് സൗജന്യചികിത്സ നൽകണമെന്ന ഉപാധിയിലാണ് സാമ്പത്തിക സഹായം നൽകിയതത്രെ. അങ്ങിനെയാണ് പാലക്കാട്ടുകാരനായ ഡോ. വി.ഐ രാമൻ കോഴിക്കോട്ട് 1930ൽ അശോക ആശുപത്രി സ്ഥാപിക്കുന്നത്. 1936ലാണ് ഉമ്പിച്ചിഹാജി മരിക്കുന്നത്. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഓർമചിത്രം ഈ ആശുപത്രിയുടെ ഭാഗമായത്.
തുടക്കകാലത്ത് ഇവിടെ എല്ലാ ചികിത്സകളും ഉണ്ടായിരുന്നു. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയായി മാറി. മുൻതലമുറയിലെ ആളുകൾക്ക് ഇവിടെ ചികിത്സ തേടൽ അഭിമാനം കൂടിയായിരുന്നു. ആശുപത്രി ഇല്ലാതാകാൻ പോകുന്നു എന്നറിഞ്ഞതോടെ ഓർമകളുടെ കെട്ടഴിക്കുകയാണ് പലരും. കോഴിക്കോട് നഗരത്തിന്റെ ചിത്രവും ചരിത്രവും ഈ ആശുപത്രിയില്ലാതെ പൂർണമാവില്ല. അത്രമേൽ മനസിൽ പതിഞ്ഞു കിടക്കുന്നതാണ് യൂറോപ്യൻ സ്റ്റെലുള്ള ഈ ആതുരാലയത്തിന്റെ മുഖം. ഇത് സംരക്ഷിച്ചു കൊണ്ടു തന്നെ റോഡ് വികസിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നഗരത്തിലെ പ്രധാന തപാലാപ്പീസും അടുത്തകാലം വരെ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.