സംഘപരിവാര ക്രൈസ്തവ സ്‌നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു- എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരേ വ്യാപകമായി കലാപങ്ങള്‍ അഴിച്ചു വിടുന്ന സംഘപരിവാരത്തിന്റെ ക്രൈസ്തവ സ്‌നേഹം പൊള്ളയാണെന്ന് വെളിവായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ. പ്രധാന മന്ത്രി ഡല്‍ഹിയില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുമ്പോഴാണ് രാജ്യവ്യാപകമായി ക്രിസ്മസ് ആഘോഷങ്ങളില്‍ കയറി സംഘപരിവാരം അക്രമം അഴിച്ചുവിടുന്നത്.
ഇത്തവണ പാലക്കാടും ആലപ്പുഴയിലും ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ രണ്ടു പ്രൈമറി സ്‌കൂളുകളില്‍ കരുന്നുകള്‍ ക്രിസ്മസിനു വേണ്ടി തയാറാക്കിയ പുല്‍ക്കൂടുകള്‍ തല്ലിത്തകര്‍ത്ത് പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞു പേടിപ്പിച്ച സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലെ പുല്‍ക്കൂടാണ് അടിച്ചു തകര്‍ത്തത്. അതിനു മുന്‍പ് നല്ലേപ്പള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെയും അക്രമമുണ്ടായി. പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളുമടങ്ങിയ സംഘത്തെ ഭഷീണിപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവ സമൂഹത്തിനു നേരയുള്ള സംഘപരിവാര ആക്രമണങ്ങള്‍ക്കെതിരേ ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോസ് മിലിത്തിയോസ് രംഗത്തുവന്നിരിക്കുകയാണ്.
ഓരോ കലാപങ്ങളും അക്രമങ്ങളും അരങ്ങേറുമ്പോഴും ഓരോരോ പേരിലാണ് സംഘപരിവാരം പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെയെല്ലാം പിന്നില്‍ ആർ.എസ്.എസാണ്. വി.എച്ച്.പി ഗോ രക്ഷകര്‍, ബജ്‌റംഗ് ദള്‍, ശ്രീരാമ സേന തുടങ്ങിയ വിവിധ പേരുകളിലാണ് അക്രമം നടത്തുന്നത്. ആർ.എസ്.എസിന്റെ വിചാരധാര പ്രഖ്യാപിക്കുന്ന ആഭ്യന്തര ശത്രുക്കളുടെ പട്ടികയിലുള്ള ക്രൈസ്തവ സമൂഹം എന്നും അവരുടെ കണ്ണിലെ കരടാണ്.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരായ അക്രമങ്ങളിലെ വര്‍ധന പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. കേരളത്തിലെ സൗഹാർദവും സമാധാനവും തകര്‍ക്കുന്ന സംഘപരിവാര ഭീകരതക്കെതിരേ ജനാധിപത്യ സമൂഹം ഐക്യപ്പെടണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.