തോക്കും തിരകളും നഷ്ടപ്പെട്ട സംഭവം; 10 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ആഭ്യന്തരവകുപ്പ്
text_fieldsതിരുവനന്തപുരം: പൊലീസുകാരുടെ തമ്മിലടിയെ തുടർന്ന് ട്രെയിനിൽനിന്ന് തോക്കും 20 തിരകളും നഷ്ടമായ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം 10 പേർക്കെതിരെ നടപടിയുമായി ആഭ്യന്തരവകുപ്പ്. കെ.എ.പി മൂന്ന് ബറ്റാലിൻ കമാൻഡന്റ് സി.പി. അജിത് കുമാർ, എസ്.എ.പി ഡെപ്യൂട്ടി കമാൻഡന്റ് എസ്. ഷിബു, കെ.എ.പി മൂന്ന് ബറ്റാലിയൻ അസി.കമാൻഡന്റ് സ്റ്റാർമോൻ പിള്ള, ഐ.ആർ ബറ്റാലിയൻ ആംഡ് പൊലീസ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ മൂപ്പൻ, എസ്.എ.പി ആംഡ് പൊലീസ് ഇൻസ്പെക്ടർ ഡി. രാജേഷ്, എം.എസ്.പി ആംഡ് പൊലീസ് ഇൻസ്പെക്ടർ ബി. പത്മകുമാർ, ഐ.ആർ ബറ്റാലിയൻ ആംഡ് പൊലീസ് ഇൻസ്പെക്ടർ വി.എസ്. ജയചന്ദ്രൻ, കെ.എ.പി രണ്ട് ബറ്റാലിയൻ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ജി. ബിജു, ഐ.ആർ ബറ്റാലിയൻ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ എ.പി. സുധീഷ്, ഐ.ആർ ബറ്റാലിയൻ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വി. വിശാഖ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ആരെന്നത് സംബന്ധിച്ച ശിപാർശ ഒരാഴ്ചക്കുള്ളിൽ ഡി.ജി.പി നൽകണമെന്നും ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിലാണ് കേരളത്തിൽനിന്ന് തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 10 അംഗ സംഘത്തിൽനിന്ന് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനിൽ രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മദ്യപിച്ച് ഉദ്യോഗസ്ഥർ തമ്മിൽ വഴക്കുണ്ടാക്കുകയും ഇതിനിടയിൽ ഐ.ആർ ബറ്റാലിയൻ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വി. വിശാഖിന്റെ തോക്കും തിരകളും അടങ്ങിയ ബാഗ് ജബൽപൂരിൽവെച്ച് ഉദ്യോഗസ്ഥരിൽ ആരോ ട്രെയിനിൽനിന്ന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. ഉദ്യോഗസ്ഥരും ആർ.പി.എഫും ജബൽപൂർ പൊലീസും ദിവസങ്ങളോളം പാളത്തിന്റെ സമീപഭാഗങ്ങൾ അരിച്ചുപെറുക്കിയെങ്കിലും തോക്കും തിരകളും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയത്. ആംഡ് ബറ്റാലിയൻ ഡി.ഐ.ജി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയും അച്ചടക്ക ലംഘനവും പെരുമാറ്റ ദൂഷ്യവും കണ്ടെത്തി. തുടർന്നാണ് അച്ചടക്കനടപടി ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാറിന് റിപ്പോർട്ട് നൽകിയത്. ഉദ്യോഗസ്ഥരുടെ ഭാഗം കേട്ടശേഷമായിരിക്കും ഇവർക്കെതിരെ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുക.
കണ്ടെത്തലുകൾ ഇങ്ങനെ
ബോഗിയിൽ ആയുധങ്ങൾക്കും തിരകൾക്കും ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ആയുധവും തിരകളും സ്വയം കൈവശം വെച്ച് യാത്ര ചെയ്തതെന്ന് പരിശോധിച്ചില്ല. ഡ്യൂട്ടി കഴിഞ്ഞിട്ടും ആയുധവും തിരകളും തിരികെ വാങ്ങി സൂക്ഷിക്കാൻ കമാൻഡന്റ് ,ഡെപ്യൂട്ടി കമാൻഡന്റ്, അസി. കമാൻഡന്റ് എന്നിവർ തയാറാകാത്തത് ഗുരുതര വീഴ്ചയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള യാത്രയിൽ മദ്യപാനത്തിലേർപ്പെട്ടത് തടയാതിരുന്നത് ചുമതലയുണ്ടായിരുന്ന കമാൻഡന്റ്, ഡെപ്യൂട്ടി കമാൻഡന്റ്, അസി. കമാൻഡന്റ് എന്നിവരുടെ വീഴ്ചയാണെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.