ഭരണത്തുടർച്ചയിലും അവമതിപ്പുണ്ടാക്കി പൊലീസ്: ആഭ്യന്തരവകുപ്പ് നോക്കുകുത്തി
text_fieldsതിരുവനന്തപുരം: ഭരണത്തുടർച്ചയിലും എൽ.ഡി.എഫ് സർക്കാറിനും സി.പി.എമ്മിനും അവമതിപ്പുണ്ടാക്കി പൊലീസ് പിടിപ്പുകേട് തുടരുന്നു. നിഷ്ക്രിയമായ ആഭ്യന്തരവകുപ്പിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമല്ല പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് പെരുകുന്നത് സി.പി.എമ്മിെൻറ സമ്മേളന കാലത്ത് കൂടിയാണ്.
ഒന്നാം പിണറായി സർക്കാറിൽ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയത് മുതൽ രാഷ്ട്രീയ കൊലപാതകങ്ങളിലും ഗുണ്ടാ ഏറ്റുമുട്ടലുകളിലും പൊലീസ് സ്റ്റേഷൻ ഉരുട്ടിക്കൊലകളിലും പ്രതിക്കൂട്ടിലായത് ആഭ്യന്തരവകുപ്പായിരുന്നു. ഭരണരംഗത്തെ മറ്റ് മികവും മുഖ്യമന്ത്രിയുടെ നേതൃപാടവവുമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ മറികടക്കാൻ മുന്നണിയെ സഹായിച്ചത്. ഭരണത്തുടർച്ചയിലും പൊലീസിെൻറയും ആഭ്യന്തരവകുപ്പിെൻറ തലപ്പത്ത് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സി.പി.എമ്മിെൻറ ഏരിയ സമ്മേളനങ്ങളിലെ വിമർശനങ്ങൾ അടിവരയിടുന്നത്. പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് ആർ.എസ്.എസുകാരായ പൊലീസുകാരാണ്, ഭരണത്തുടർച്ചയിലും ഇത് മാറുന്നില്ല, ആർ.എസ്.എസുകാർ പ്രതികളായ കേസുകളിൽ വാദിയെക്കൂടി പ്രതിയാക്കി കേെസടുക്കുന്നു, പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ േപാകാൻ പോലും ജനം ഭയപ്പെടുന്നു, പിങ്ക് പൊലീസ് അവമതിപ്പുണ്ടാക്കി, പൊലീസിന് മേൽ സർക്കാറിന് ഒരു നിയന്ത്രണവുമില്ല, തുടങ്ങിയ രൂക്ഷവിമർശനങ്ങൾ സമ്മേളനങ്ങളിലുണ്ടായി.
പിണറായി പേടിയിൽ മുഖ്യമന്ത്രിയുടെ പേര് പറയാതെ പൊലീസിെനതിരെ ആയിരുന്നു അണികളുടെ തന്ത്രപരമായ വിമർശനം. തെക്കൻ ജില്ലകളിലായിരുന്നു ഏറെ വിമർശനം. കണ്ണൂർ അടക്കം വടക്കൻ ജില്ലകളിൽ പിണറായി ഭക്തിയിൽ ഊന്നിയായിരുന്നു സമ്മേളന ചർച്ചകൾ. പൊലീസിെൻറ ആത്മവീര്യം തകർക്കുന്നതിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന പ്രതിരോധമാണ് ഒന്നാം സർക്കാർ മുതൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതാവട്ടെ പൊലീസിലെ ഉന്നതർ മുതൽ താഴെത്തട്ട് വരെ ആരോപണ വിധേയരായവർക്ക് സുരക്ഷിത വലയം ഒരുക്കുന്നതിന് സഹായകരമായി. ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ലക്ഷ്മണ എന്നിവരുടെ മോൺസൺ മാവുങ്കലുമായുള്ള അടുപ്പം ഏറെ വിവാദമായിട്ടും നടപടി ഉണ്ടായില്ല. ഒരു ബാങ്ക് ഉദ്യോഗസ്ഥനെ വ്യാജ സ്ത്രീ പീഡന കേസ് ചുമത്തി മർദിച്ച കേസിൽ പ്രതിയായപ്പോൾ കോടതിക്ക് പുറത്ത് 18 ലക്ഷം രൂപ കൊടുത്ത് ഒത്തുതീർപ്പാക്കിയ നിശാന്തിനി എന്ന ഉദ്യോഗസ്ഥക്ക് ജില്ലയുടെ ചുമതല നൽകുകയാണ് പിണറായി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.