രാഷ്ട്രീയ തടവുകാർക്ക് ശിക്ഷയിളവ് നൽകാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ തടവുകാർക്കും പ്രത്യേക ശിക്ഷായിളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. വിശേഷ അവസരങ്ങളില്‍ തടവുകാര്‍ക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കാൻ മാനദണ്ഡം പുതുക്കാനുള്ള തീരുമാനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഒഴികെ നല്കുന്ന ഇളവിന് രാഷ്ട്രീയ കുറ്റവാളികള്‍ക്കും അര്‍ഹത ലഭിക്കുന്ന വിധത്തിലാണ് മാറ്റം. നവംബർ 24 ലെ മന്ത്രിസഭയോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടിരുന്നു.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ തടവുകാരെ വിട്ടയക്കാനുള്ള മാര്‍ഗനിര്‍ദേശമാണ് പരിഷ്കരിക്കുന്നത്. ഇതനുസരിച്ച് ജയിലില്‍ നിശ്ചിതകാലം പൂര്‍ത്തിയാക്കിയ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ശിക്ഷാകാലം കഴിയുംമുമ്പ് പുറത്തിറങ്ങാനാകും. വധഗൂഢാലോചന, മറ്റുസഹായങ്ങള്‍, വധശ്രമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജീവപര്യന്തക്കാരല്ലാത്ത രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ശിക്ഷയിളവിന് അര്‍ഹതയുണ്ടാകും.
നിലവില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കും രാഷ്ട്രീയ കുറ്റവാളികള്‍ക്കും ഇളവ് നല്‍കിയിരുന്നില്ല. അനര്‍ഹര്‍ക്ക് ശിക്ഷയിളവ് ലഭിക്കുന്നത് ഒഴിവാക്കാൻ മാനദണ്ഡം പുതുക്കുന്നുവെന്നാണ് സര്‍ക്കാർ വിശദീകരണമെങ്കിലും രാഷ്ട്രീയത്തടവുകാരെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് വ്യക്തം.
പുതിയ മാനദണ്ഡമനുസരിച്ച് മൂന്നുമാസംവരെ തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് 15 ദിവസവും മൂന്നുമുതല്‍ ആറുമാസം വരെ തടവ് വിധിച്ചവര്‍ക്ക് ഒരുമാസവും ശിക്ഷാകാലയളവില്‍ ഇളവ് ലഭിക്കും. ആറു മാസത്തിനുമുകളില്‍ ഒരു വര്‍ഷംവരെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് രണ്ടുമാസവും ഒന്നിനുമുകളില്‍ രണ്ടുവര്‍ഷം വരെ മൂന്നുമാസവും ഇളവ് അനുവദിക്കാമെന്നും നിര്‍ദേശമുണ്ട്.
രണ്ടിനുമുകളില്‍ അഞ്ചുവര്‍ഷംവരെ നാലുമാസവും അഞ്ചുമുതൽ 10 വര്‍ഷംവരെ അഞ്ചുമുതല്‍ ആറുമാസം വരെയും ഇളവ് ലഭിക്കും.
ഇളവ് ക്രിമിനലുകൾക്കുവേണ്ടി -ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കി വിട്ടയക്കാനുള്ള സര്‍ക്കാര്‍ നീക്കം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദീർഘകാലമായി ജയിൽശിക്ഷ അനുഭവിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യാത്തവർക്ക് സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിന വേളകളിൽ നൽകുന്ന പ്രത്യേക ഇളവിനെയാണ് പിണറായി സർക്കാർ തെറ്റായ ഉത്തരവിലൂടെ ദുരുപയോഗം ചെയ്തിരിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്.
കേരളത്തെ നടുക്കിയ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെയും അരിയിൽ ഷുക്കൂർ വധക്കേസിലെയും പ്രതികളെ ഉൾപ്പെടെ കൊടുംക്രിമിനലുകളായ രാഷ്ട്രീയക്കൊലയാളികളെ ചുളുവിൽ പുറത്തിറക്കാനുള്ള ഗൂഢലക്ഷ്യമാണ് നടപ്പാക്കപ്പെടുന്നത്. സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയക്കൊലപാതകങ്ങൾക്ക് ലൈസൻസ് നൽകുകയാണ് സർക്കാർ ഉത്തരവിലൂടെ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.