ഹോപ് പദ്ധതി; ഈ വർഷം തുടർപഠനത്തിന് എത്തിയത് 37 പേർ
text_fieldsആലപ്പുഴ: പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരെ കൈപിടിച്ചുയർത്തുന്ന പൊലീസ് പദ്ധതിയായ ഹോപ്പിലൂടെ ഈ വർഷം തുടർപഠനത്തിന് എത്തിയത് 37 പേർ. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 18 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പൊലീസ് കണ്ടെത്തുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തോറ്റവർക്ക് പഠനം തുടരുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. പദ്ധതി ആരംഭിച്ച് ഇതുവരെ 1193 പേർ എസ്.എസ്.എൽ.സിയും 1280 പേർ പ്ലസ് ടുവും പഠിച്ച് തുടർപഠനത്തിന് അർഹരായി.
വിവിധ മാനസിക ആരോഗ്യപ്രശ്നങ്ങളും സാമൂഹിക വെല്ലുവിളികളും കാരണം വിജയകരമായി പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് സ്കൂൾ വിട്ടുപോയവർ, കേസുകളിലും കുറ്റകൃത്യങ്ങളിലും അകപ്പെട്ട് സമൂഹത്തിൽനിന്ന് അകറ്റിനിർത്തപ്പെടുന്നവർ തുടങ്ങിയവരെയാണ് കണ്ടെത്തുക. അവരിൽ ആത്മവിശ്വാസവും ആത്മാഭിമാനവും കഴിവും വർധിപ്പിക്കുക, വിദ്യാഭ്യാസം തിരിച്ചുകിട്ടുന്നതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് ലക്ഷ്യം.
വിവരശേഖരണം സ്കൂളിൽനിന്ന്
കുട്ടികളെ കണ്ടെത്താനുള്ള വിവരശേഖരണം സ്കൂളിൽനിന്ന് തുടങ്ങും. ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ചൈൽഡ് ലൈൻ പ്രവർത്തകർ അടക്കമുള്ളവർ വഴിയും പഠനം മുടങ്ങിയ വിദ്യാർഥികളെ കണ്ടെത്തും. ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും കൗൺസലിങ്ങിനും വിദഗ്ധർക്കൊപ്പം ജനമൈത്രി ഓഫിസർമാർ, ചിരി ഹെൽപ് ലൈൻ പ്രവർത്തകർ എന്നിവരുണ്ടാകും.
ആഴ്ചയിലൊരിക്കൽ സൗഹൃദ ക്ലാസുകളാണുള്ളത്. തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മോട്ടിവേഷൻ-മെന്ററിങ് ക്ലാസ്. തുടർന്ന് പ്രീ-ടെസ്റ്റ്, മലയാളം, ഇംഗ്ലീഷ്, ഗണിതം തുടങ്ങിയ വിഷയങ്ങളിലാണ് പരീക്ഷ. മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കോഴ്സ്. അതിനായി വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ പഠനപുസ്തകം വിദ്യാർഥികൾക്ക് നൽകും. അതിനുശേഷമാണ് വിഷയകേന്ദ്രീകൃത ക്ലാസുകൾ.
അറിവിന്റെ ലോകത്തേക്ക് വീണ്ടും
പാതിവഴിയിൽ പഠനം ഉപേക്ഷിക്കുന്നവരെ വീണ്ടും അറിവിന്റെ ലോകത്തേക്ക് എത്തിക്കുന്ന പൊലീസിന്റെ ഹോപ് പദ്ധതി തുടങ്ങിയത് 2017ലാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലായി 100 കുട്ടികളുമായായിരുന്നു തുടക്കം. ആവർഷം 74 കുട്ടികളെ പരീക്ഷയിൽ വിജയിപ്പിച്ചു. ഇതിന് പിന്നാലെയാണ് 2018ലെ മഹാപ്രളയം ദുരന്തമെത്തിയത്. ദുരന്തമേഖലയായ വിവിധ പ്രദേശങ്ങളിലെ 24,000 കുട്ടികൾക്ക് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് നൽകി. സാമൂഹിക-മാനസിക പിന്തുണയും നൽകുന്നതിന് ഹോപ് രണ്ടാം ഘട്ടമായി വിവിധ കാമ്പയിനുകളും പരിപാടികളും ഒരുക്കി. 2019-20 വർഷം വർഷം മുതലാണ് പ്ലസ് ടു വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.