മലയാളികളുടെ ആതിഥേയത്വം വാക്കുകൾക്കതീതം -തുർക്കിയ സ്ഥാനപതി ഫിറാത് സുനൽ
text_fieldsകോഴിക്കോട്: കേരളവുമായി തുർക്കിയക്കുള്ളത് ചരിത്രപരമായ ബന്ധമാണെന്നും മലയാളികളുടെ ആതിഥേയത്വം വാക്കുകൾക്കതീതമാണെന്നും ഇന്ത്യയിലെ തുർക്കിയ സ്ഥാനപതി ഫിറാത് സുനൽ. ‘മാധ്യമം’ മുഖ്യ ഓഫിസ് സന്ദർശിക്കാനെത്തിയ അദ്ദേഹം പത്രാധിപസമിതി അംഗങ്ങളുമായി സംസാരിക്കവെയാണ് മനസ്സ് തുറന്നത്.
ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമാണ് കേരളം. ഏറ്റവും കൂടുതൽ സന്ദർശനം നടത്തിയതും കേരളത്തിലാണ്. ഓരോ തവണയും മികച്ച ആതിഥേയത്വം നൽകി മലയാളികൾ അമ്പരപ്പിച്ചു. തുർക്കിയയിൽ ഭൂകമ്പമുണ്ടായപ്പോൾ ഏറ്റവുമാദ്യം സഹായം പ്രഖ്യാപിച്ചത് കേരളമാണ്. സാംസ്കാരികമായി ഇന്ത്യയുമായും കേരളവുമായും തുർക്കിയക്ക് അടുത്ത ബന്ധമാണുള്ളത്. ഒമ്പതിനായിരത്തോളം വാക്കുകൾ തുർക്കിയയിലും ഇന്ത്യൻ ഭാഷകളിലും സമാനമായുണ്ട്. കോഴിക്കോട്ടെത്തിയപ്പോൾ, തുർക്കി ഭാഷ പഠിച്ച മലയാളി പെൺകുട്ടികൾ തന്നോട് സംസാരിച്ചത് കൗതുകം ഉളവാക്കി. മൂന്നുലക്ഷത്തോളം വിനോദസഞ്ചാരികളെയാണ് തുർക്കിയ ഈ വർഷം പ്രതീക്ഷിക്കുന്നത്. തുർക്കിയയുമായി കേരളത്തിനുള്ള വാണിജ്യബന്ധം ഇനിയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എഡിറ്റർ വി.എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാനും സി.ഇ.ഒ പി.എം സാലിഹും ഉപഹാരം കൈമാറി. അസോസിയേറ്റ് എഡിറ്റർ ഡോ. യാസീൻ അശ്റഫ്, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് അംഗം വി.എ. കബീർ, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, സീനിയർ ന്യൂസ് എഡിറ്റർ ബി.കെ. ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.