വീടും പറമ്പും സി.പി.എമ്മിന് എഴുതി നൽകി; റസാഖ് ജീവനൊടുക്കിയത് പാർട്ടി ഭരിക്കുന്ന പഞ്ചായത്തിൽ നീതികിട്ടാതായതോടെ
text_fieldsഇ.എം.എസ് സ്മാരകം പണിയാൻ പാർട്ടിക്ക് വീടും പറമ്പും എഴുതി നൽകിയ റസാഖ് പയമ്പ്രോട്ടിന് ജീവനൊടുക്കേണ്ടി വന്നത് സഹോദരന്റെ മരണത്തിന് കാരണമായ മാലിന്യ പ്ലാന്റിനെതിരെ നടപടിയെടുക്കുന്നതിൽ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അധികൃതരും വീഴ്ചവരുത്തിയതോടെ. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി മുൻ സെക്രട്ടറിയായ റസാഖ്, സഹോദരൻ അഹമ്മദ് ബഷീർ രോഗബാധിതനായത് മുതൽ സമരത്തിലായിരുന്നു. പഞ്ചായത്തിന് നൽകിയ പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു റസാഖിനെ പഞ്ചായത്ത് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് സഹോദരൻ ഏതാനും മാസം മുമ്പ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് റസാഖ് പലതവണ വാർത്ത സമ്മേളനം നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്ത സമ്മേളനങ്ങൾ നടത്തി.
ഇന്നലെയും മാലിന്യ പ്ലാന്റിനും പഞ്ചായത്ത് അധികൃതർക്കുമെതിരെ അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പ്ലാന്റിന്റെ ചിത്രങ്ങളും അതിനെതിരെ നൽകിയ പരാതികളുമെല്ലാം ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഓരോ കാലത്തും സീസൺ നോക്കി മാഫിയാ സംഘങ്ങൾ രംഗപ്രവേശം ചെയ്യുമെന്നും എല്ലാ മാഫിയ സംഘങ്ങൾക്കും സഹായം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമാണെന്നും അദ്ദേഹം കുറിപ്പിൽ ആരോപിച്ചു. വ്യവസായങ്ങളെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്ന എം.എസ്.എം.ഇയെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതൽ പുളിക്കൽ പഞ്ചായത്ത് വാർഡ് 14ാം വാർഡിൽ പ്രവർത്തിക്കുന്ന സംരംഭമെന്നും ബാക്കി ഈ രേഖകളും ചിത്രങ്ങളും സ്വയം സംസാരിക്കുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ദിവസങ്ങൾക്കു ശേഷമാണ് FB യിൽ വരുന്നത്. ഇതോടൊപ്പം ചേർത്തത് എല്ലാം സ്വയം സംസാരിക്കുന്ന രേഖകളാണ്. ഓരോ കാലത്തും സീസൺ നോക്കി മാഫിയാ സംഘങ്ങൾ രംഗപ്രവേശം ചെയ്യും. എല്ലാ മാഫിയ സംഘങ്ങൾക്കും സഹായം ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമാണ്. മണ്ണ് മാഫിയ, മണൽ മാഫിയ, ക്വാറി മാഫിയ, വനം മാഫിയ തുടങ്ങിയവ ഉദാഹരണം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത 'സാംസ്കാരിക' കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ഒരു വിഷയമാണ്.
ഈ സീസൺ മനസ്സിലാക്കിയാണ് പ്ലാസ്റ്റിക് മാലിന്യ മാഫിയ പുളിക്കൽ പഞ്ചായത്തിലും പിടിമുറുക്കിയിരിക്കുന്നത്. വ്യവസായങ്ങളെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്ന എം.എസ്.എം.ഇയെ പ്ലാസ്റ്റിക് മാലിന്യ മാഫിയ ദുരുപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് 2020 മുതൽ പുളിക്കൽ പഞ്ചായത്ത് വാർഡ് 14/272 ‘ബി’യിൽ നടക്കുന്ന സംരംഭം.
എം.എസ്.എം.ഇയിൽ പി.സി.ബി അനുവദിച്ചത് പ്രതിദിനം 100 കിലോഗ്രാം സംഭരണം, സംസ്കരണം. കാരണം ജനവാസ മേഖലയാണത്. എന്നാൽ അവിടെ നടക്കുന്നതോ?. എം.എസ്.എം.ഇയുടെ പേരിൽ പ്രതിമാസം ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്. ഇതിന്റെ പങ്കുപറ്റാൻ ഉദ്യോഗസ്ഥരും. അവസരമൊരുക്കുന്നത് പുളിക്കൽ തദ്ദേശ ഭരണ സ്ഥാപനവും. ഇതിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടത് ഈ പ്രദേശത്തുകാരും. ഇതേ കുറിക്കാനൊള്ളൂ. ബാക്കി ഈ രേഖകളും ചിത്രങ്ങളും സ്വയം സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.