വീടിന് തീയിട്ട സംഭവം; കുപ്രസിദ്ധ ഗുണ്ടയുൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsകഴക്കൂട്ടം: വീടുകയറി ആക്രമിച്ചത് പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിന് പരാതിക്കാരന്റെ വീടിസ് തീയിട്ട സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയും സംഘവും പിടിയിൽ.
കഠിനംകുളം സ്വദേശി പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് (42), മുരുക്കുംപുഴ സ്വദേശികളായ അനു (28), ബിജു (36) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി 10നാണ് മേനംകുളം ഫാത്തിമപുരത്ത് വീട് കത്തിച്ചത്. കഴക്കൂട്ടം, കഠിനംകുളം, മംഗലപുരം പൊലീസ് സ്റ്റേഷനുകളിലെ നാൽപ്പതോളം കേസുകളിൽ പ്രതിയാണ് ഗുണ്ട പഞ്ചായത്ത് ഉണ്ണി. കൽപന കോളനിക്ക് സമീപം ഫാത്തിമപുരത്ത് സ്റ്റാലന്റെ വീടിനാണ് തീയിട്ടത്. വീട് പൂർണമായി കത്തിയമർന്നു.
പഞ്ചായത്തുണ്ണിയുടെ ഭീഷണി കാരണം സ്റ്റാലൻ മറ്റൊരു സ്ഥലത്ത് മാറി താമസിച്ചുവരികയാണ്. തീയിട്ടശേഷം കൂട്ടാളികളുമായി ഒളിവിൽ പോയ ഉണ്ണിയെ ശനിയാഴ്ച പുലർച്ച മുരുക്കുംപുഴയിലെ രഹസ്യകേന്ദ്രം വളഞ്ഞാണ് പൊലീസ് പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
ഒരു മാസത്തിനിടെ ഇയാൾ പ്രദേശത്ത് നിരവധി ആക്രമണങ്ങൾ നടത്തി. മൂന്ന് വീടുകൾക്കുനേരെ ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവരോട് വധഭീഷണി മുഴക്കി. പൊലീസ് എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെടും. പൊലീസിൽ വിവരം അറിയിക്കുന്നവരുടെ വീടുകളും ആക്രമിക്കും. അഞ്ചുദിവസം മുമ്പ് മറ്റൊരു വീട് കയറി ആക്രമിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയത്.
ജാമ്യത്തിറങ്ങിയ ഉടൻ രണ്ട് ആക്രമണങ്ങൾ നടത്തിയെങ്കിലും പിടികൂടാനായില്ല. വെള്ളിയാഴ്ച രാത്രി ഇയാൾ എത്തിയെന്ന വിവരമറിഞ്ഞ് കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പാർവതി പുത്തനാർ നീന്തിക്കടന്ന് രക്ഷപ്പെട്ടു. തുടർന്നാണ് മറുകരയിലെ സ്റ്റാലന്റെ വീടിന് തീയിട്ടത്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.