അന്തിയുറങ്ങാൻ ഇടമില്ലാത്ത കുടുംബത്തിന്റെ ദുരിതം; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsമലപ്പുറം: അന്തിയുറങ്ങാൻ സ്ഥലമില്ലാത്തതിനാൽ വീടിന്റെ ടെറസിന് മുകളിൽ കഴിയുന്ന 25 പേരടങ്ങുന്ന പട്ടികവർഗ കുടുംബത്തിന്റെ ദൈന്യത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടൽ. നിലമ്പൂർ താലൂക്കിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ അകമ്പാടം പാറേക്കോട്ട് കോളനിയിലെ പട്ടികവർഗ കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിലാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്തത്.
മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കലക്ടർ, പട്ടികജാതി വികസന വകുപ്പ് ജില്ല ഓഫിസർ, ജില്ല പട്ടികവർഗ വികസന ഓഫിസർ എന്നിവർക്ക് നോട്ടീസയച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് തിരൂരിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. കാലപ്പഴക്കം ചെന്ന ജീർണാവസ്ഥയിലുള്ള വീട്ടിലാണ് 25 പേർ താമസിക്കുന്നത്.
ആകെയുള്ളത് രണ്ട് കുടുസ്സുമുറികളാണ്. തറയും ചുവരുകളും വിണ്ടുകീറിയിട്ടുണ്ട്. കൂലിപ്പണിക്കും കൃഷിപ്പണിക്കും പോയി രാത്രിയിൽ മടങ്ങിയെത്തുന്ന കുടുംബാംഗങ്ങൾ വീട്ടിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ ടെറസിൽ അഭയം പ്രാപിക്കും. മുളകൊണ്ട് നിർമിച്ച താൽക്കാലിക കോണിയിലൂടെയാണ് മുകളിൽ കയറുന്നത്. മഴ പെയ്താൽ സ്ഥിതി പറയേണ്ടതില്ല. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും ഈ കുടുംബത്തെ ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.