മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; സ്കൂളിലെ വസ്ത്രധാരണ തർക്കത്തിന് പരിഹാരം
text_fieldsമലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് സ്കൂളിലുണ്ടായ വിവാദങ്ങൾ മനുഷ്യാവകാശ കമീഷൻ ഇടപെടലിനെത്തുടർന്ന് രമ്യമായി പരിഹരിച്ചു. കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് വിവാദങ്ങൾക്കും പരാതികൾക്കും വെടിനിർത്തലുണ്ടായത്.
അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂനിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകർക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് അധ്യാപിക കമീഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയിൽ പരിഹാരം കാണാൻ കമീഷൻ നിർദേശിച്ചു. തുടർന്ന് ഉപഡയറക്ടർ (ഡി.ഡി) സ്കൂൾ സന്ദർശിച്ച് അധ്യാപികയെയും പ്രധാനാധ്യാപികയെയും നേരിൽ കേട്ടു. അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന സൗകര്യപ്രദം എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് ഡി.ഡി കമീഷനെ അറിയിച്ചു. ഏത് വസ്ത്രത്തിനാണ് മാന്യതയുള്ളതെന്നും ഇല്ലാത്തതെന്നും തീർത്തു പറയാനാവില്ല. സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽനിന്ന് രമ്യമായും സൗമ്യമായും തീർക്കേണ്ട വിഷയം സങ്കീർണമാക്കിയതിൽ അധ്യാപികക്കും പ്രധാനാധ്യാപികക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡി.ഡിയുടെ ഇടപെടൽ നിക്ഷ്പക്ഷവും മാതൃകാപരവുമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.