വലിയതുറ തീരദേശ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടപെടലുമായി മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടപെടലുമായി മനുഷ്യാവകാശ കമീഷൻ. ആശുപത്രിയിൽ കിടത്തി ചികിത്സയും 24 മണിക്കുർ സേവനവും പുനരാരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സന്ദർശിച്ച് ആറാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ആവശ്യമുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ആശുപത്രിയിൽ നിലവിലുള്ള കിടക്കകളുടെഎണ്ണം, കിടത്തി ചികിത്സ പുനരാരംഭിക്കാൻ പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രി കെട്ടിടത്തിനുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡി.എം.ഒ യുടെ റി്പ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കണം.
കോവിഡിന് മുമ്പ് കിടത്തി ചികിത്സയും 24 മണിക്കൂർ സേവനവും ലഭ്യമാക്കിയിരുന്ന ആശുപത്രിയായിരുന്നു വലിയതുറ തീരദേശ ആശുപത്രിയെന്ന് ഡി.എം.ഒ കമീഷനെ അറിയിച്ചു. ഇപ്പോൾ ആറ് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. കിടത്തി ചികിത്സ പുനരാരംഭിക്കണമെങ്കിൽ മൂന്ന് ഡോക്ടർമാരുടെ സേവനം കൂടി ലഭിക്കണം.
ആശുപത്രി കെട്ടിടത്തിന്റെ ബലക്ഷയവും ചോർച്ചയും പരിഹരിച്ചാൽ മാത്രമേ കിടത്തി ചികിത്സ പുനരാരംഭിക്കാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് 2023 ഒക്ടോബർ 25 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം നഗരസഭയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ ഒരു ഡോക്ടറെയും ഒരു പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കാൻ മാത്രമാണ് അനുമതിയെന്ന് നഗരസഭാ സെക്രട്ടറി കമീഷനെ അറിയിച്ചു. വലിയതുറ സ്വദേശി ജെറോം മിരാന്റ സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.