താനൂർ ബോട്ട് ദുരന്ത സ്ഥലം മനുഷ്യാവകാശ കമീഷൻ ബുധനാഴ്ച സന്ദർശിക്കും
text_fieldsമലപ്പുറം: താനൂരിൽ ബോട്ട് ദുരന്തം നടന്ന സ്ഥലം മനുഷ്യാവകാശ കമീഷൻ ബുധനാഴ്ച സന്ദർശിക്കും. കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രാവിലെ 10.30ന് താനൂരിലെത്തും.
സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മത്സ്യബന്ധന ബോട്ട് ഉല്ലാസബോട്ടായി രൂപാന്തരം വരുത്തി അവിഹിതമായി പെർമിറ്റ് നേടിയത് ഉൾപ്പെടെ ഉദ്യോഗസ്ഥതലത്തിൽ വീഴ്ചകളുണ്ടായതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്തത്.
ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ആലപ്പുഴ ചീഫ് പോർട്ട് സർവേയർ എന്നിവർ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടിരുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് താനൂർ ഒട്ടുംപുറം പൂരപ്പുഴ അഴിമുഖത്തോട് ചേർന്ന് ഉല്ലാസബോട്ട് മുങ്ങി വൻ അപകടമുണ്ടായത്. അപകടത്തിൽ 10 കുട്ടികളുൾപ്പെടെ 22 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുടുംബത്തിലെ 14 പേരും പൊലീസുകാരനും ഉൾപ്പെടുന്നു. 35ലധികം പേർ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 15ഓളം പേരെ രക്ഷപ്പെടുത്തി.
ബോട്ട് കമഴ്ന്ന നിലയിലായിരുന്നതും രാത്രിയായതിനാൽ വെളിച്ചക്കുറവും രക്ഷപ്രവർത്തനം ദുഷ്കരമാക്കി. ഗ്ലാസ് തകർത്താണ് ബോട്ടിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. പലരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നുമില്ല. സ്ത്രീകളും കുട്ടികളുമായതിനാൽ നീന്തൽ അറിയുന്നവരും കുറവായിരുന്നു. ഇതും മരണസംഖ്യ ഉയരാൻ ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.