പുലിയെ കൊന്ന് കറിവെച്ചു; വേട്ടക്കാരനടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅടിമാലി (ഇടുക്കി): നായാട്ടു സംഘം പുലിയെ കെണിവെച്ച് പിടികൂടി കൊന്ന് കറിവെച്ച് തിന്നു. മൂന്നാർ വനമേഖലയോട് ചേർന്ന മാങ്കുളം മുനിപാറയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് മാങ്കുളം റേഞ്ച് ഓഫിസർ വി.ബി. ഉദയസൂര്യെൻറ നേതൃത്വത്തിെല വനപാലകർ അഞ്ചു പേരെ പിടികൂടി.
മുനിപാറ കൊള്ളിക്കടവിൽ പി.കെ. വിനോദ് (45), ബേസിൽഗാർഡൻ വീട്ടിൽ വി.പി. കുര്യാക്കോസ് (74), മാങ്കുളം പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), മാങ്കുളം വടക്കുംചേരിൽ വിൻസെൻറ് (50) എന്നിവരാണ് അറസ്റ്റിലായത്. പുലിയുടെ തോൽ, നഖങ്ങൾ, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകർ പിടിച്ചെടുത്തു.
40 കിലോ വരുന്ന ആറ് വയസ്സുള്ള പുലിയെ ബുധനാഴ്ച വിനോദാണ് കെണിവെച്ച് പിടിച്ചത്. ഇരുമ്പുകേബിൾ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിക്കുകയായിരുന്നു. ചത്തെന്ന് ഉറപ്പാക്കി, കേടുകൂടാതെ തൊലി പൊളിക്കാൻ ഇറച്ചിക്കട നടത്തിയ കുര്യാക്കോസിെൻറ സഹായം തേടി. തൊലിയും നഖവും പല്ലും ശേഖരിച്ചശേഷം ഇരുവരും ഒരുഭാഗം ഇറച്ചി മാറ്റിവെച്ച് കറിവെച്ച് കഴിച്ചു. ബാക്കി നാലുപേർക്കായി വിറ്റു. ഉപയോഗയോഗ്യമല്ലാത്ത മാംസവും മറ്റും പുഴയിൽ ഒഴുക്കി.
40 കിലോയോളം ഇറച്ചി ലഭിെച്ചന്ന് പ്രതികൾ സമ്മതിച്ചതായി വനപാലകർ പറഞ്ഞു. തൊലിയും മറ്റും ഉണക്കിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. വിനോദും കുര്യാക്കോസും ഒഴികെ മൂന്നു പേരും ഇറച്ചി വാങ്ങി കഴിച്ചതിനാണ് പിടിയിലായത്. ഇറച്ചി വാങ്ങിയ ഒരാൾ കൂടി പിടിയിലാകാനുണ്ട്. പിടിയിലായവരെ ദേവികുളം കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.