വോട്ടിനായി മദ്യം വിളമ്പുന്ന പാർട്ടികളുടെ കാപട്യം തുറന്ന് പറയണം -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: വോട്ടിനായി മദ്യം വിളമ്പുന്ന രാഷ്ട്രീയ പാർട്ടികളുടെ കാപട്യം തുറന്ന് പറയണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 'തകരുന്ന യുവത്വം ഉണരേണ്ട മാതൃത്വം' എന്ന ശീര്‍ഷകത്തില്‍ വനിത ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വോട്ടിനായി മദ്യം വിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തണം. മദ്യവർജനത്തെക്കുറിച്ച് വാചാലരാകുന്നവർ സ്ഥാപിത താൽപര്യങ്ങൾക്കായി ഇക്കാര്യം മറക്കുന്നു. വോട്ടെടുപ്പിന്‍റെ തലേദിവസം നിശബ്ദ പ്രചാരണത്തിനായി മാറ്റിവെച്ചതാണെങ്കിലും അവിടെ 'വെള്ള' പ്രചാരണമാണ് നടക്കുന്നത്. ലഹരിവിരുദ്ധ ബോധവത്കരണത്തിൽ ഭരണകൂടങ്ങൾക്ക് മാത്രം പ്രതിരോധം തീർക്കാവുന്ന ഒന്നല്ല. വ്യക്തിപരമായി ഓരോരുത്തരും വിഷയം ഏറ്റെടുക്കണം. ഇത്തരം കാര്യങ്ങളിൽ വനിതകള്‍ക്ക് വലിയ പങ്കുവഹിക്കാനാവും. നമ്മുടെ മക്കൾ ഉൾപ്പെടെ ആരും സുരക്ഷിതരാണെന്ന് സ്വയം അഹങ്കരിക്കരുതെന്നും തങ്ങൾ കൂട്ടിചേർത്തു. സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുഖ്യപ്രഭാഷണം നടത്തി. പി.എം.എ. ഗഫൂര്‍, ഫിലിപ്പ് മമ്പാട് എന്നിവര്‍ ക്ലാസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു സ്വാഗതവും നസീമ യഹ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.