വീണ്ടും മുടങ്ങി; കെ-സ്റ്റോറിന്‍റെ ഉദ്ഘാടനം ഇത്തവണയും നടന്നില്ല
text_fieldsകോഴിക്കോട്: റേഷൻ കടകളെ ഹൈടെക് ആക്കാനുദ്ദേശിച്ച് പ്രഖ്യാപിച്ച കെ- സ്റ്റോറുകളുടെ ഉദ്ഘാടനം വീണ്ടും മാറ്റിവെച്ചു. വിവിധ കാരണങ്ങൾ പറഞ്ഞ് നാലാമത്തെ തവണയാണ് ഉദ്ഘാടനം മാറ്റിവെക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന തലത്തിൽ നടക്കേണ്ടിയിരുന്ന ഉദ്ഘാടനമാണ് കാരണമൊന്നും പറയാതെ മാറ്റിവെക്കപ്പെട്ടത്. ഇനി എന്നാണ് നടക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനുമുമ്പ് മേയിലും ജൂണിലും ആഗസ്റ്റിലും ഉദ്ഘാടനം നടത്താൻ തീരുമാനിച്ച് മാറ്റിവെച്ചിരുന്നു.
സ്റ്റോർ തുടങ്ങുന്നതിനു വേണ്ട സാധനങ്ങളോ സേവനങ്ങളോ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നിരുന്നു. 11ന് തന്നെ ഉദ്ഘാടനം നടത്തുമെന്ന് ഉറപ്പ് നൽകിയാണ് ഉടമകളെക്കൊണ്ട് പെയിന്‍റ് അടിപ്പിക്കലും എംബ്ലം വെപ്പിക്കലുമടക്കം എല്ലാ ജോലികളും ചെയ്യിപ്പിച്ചത്.
എന്നാൽ, അധികൃതർ ചെയ്യേണ്ട ജോലികളൊന്നും ചെയ്തതുമില്ല. ഇതിന്‍റെ ഭാരം ചുമക്കേണ്ടിവരുന്നത് സ്റ്റോർ ഉടമകളാണ്. നവീകരണ പ്രവർത്തനങ്ങൾക്കും സജ്ജീകരണങ്ങൾക്കുമായി ലക്ഷങ്ങൾ മുടക്കേണ്ടിവന്ന ഉടമകൾ വലിയ ആശങ്കയിലാണ്. ഇക്കാര്യം കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ബാങ്കിങ് സംവിധാനം, അക്ഷയ സെന്‍ററുകൾ, ഗ്യാസ് ഏജൻസി എന്നിവയുൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ മുതൽ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലായിരുന്നു കെ-സ്റ്റോർ വിഭാവനം ചെയ്തത്. എന്നാൽ, മാവേലി സ്റ്റോറുകളിൽനിന്ന് 13 ഇനങ്ങൾ ലഭ്യമാക്കാൻ സാധിക്കാതെ വന്നതോടെ നഷ്ടത്തിൽ കച്ചവടം നടത്തേണ്ടിവരുമെന്ന ആശങ്ക സ്റ്റോർ ഉടമകൾ പങ്കുവെച്ചിരുന്നു.
ബാങ്കിങ് സംവിധാനം, അക്ഷയ സെന്‍ററുകൾ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ പരിശീലനവും നൽകിയില്ല. അക്ഷയ സെന്‍റർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സംവിധാനം ഒരുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനാലാണ് ഇത്തവണ ഉദ്ഘാടനം നടത്താൻ കഴിയാതെ വന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.