അർബുദബാധിതർ കൂടുന്നു; എവിടെ ചികിത്സിക്കും?
text_fieldsകൊച്ചി: കേരളത്തിൽ അർബുദബാധിതരുടെ എണ്ണം അനുദിനം കൂടുേമ്പാഴും ചികിത്സിക്കാൻ വഴികാണാതെ സാധാരണക്കാർ. സർക്കാർ മേഖലയിലെ പരിമിത സൗകര്യങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത വിധമാണ് രോഗികളുടെ എണ്ണം വർധിക്കുന്നത്. ഭീമമായ ചികിത്സാ ചെലവ് ഭൂരിഭാഗം പേർക്കും സ്വകാര്യ ആശുപത്രികളെ അപ്രാപ്യമാക്കുന്നു.
കേരളത്തിലെ സമ്പൂർണ അർബുദ ചികിത്സാ കേന്ദ്രമെന്ന് പറയാവുന്നത് തിരുവനന്തപുരം റീജനൽ കാൻസർ സെൻറർ (ആർ.സി.സി) മാത്രമാണ്. 37 വർഷം മുമ്പ് സ്ഥാപിതമായ ഇവിടെ 2017-18ൽ മാത്രം പുതുതായി 16,433 പേർ ചികിത്സ തേടിയതായാണ് കണക്ക്.
ഇവരിൽ 19.49 ശതമാനം പേർക്ക് മാത്രമാണ് സ്വന്തം നിലക്ക് ചികിത്സ ചെലവ് വഹിക്കാൻ ശേഷിയുണ്ടായിരുന്നത്.
തുടർചികിത്സക്കെത്തിയവർ രണ്ടര ലക്ഷത്തോളം വരും. ഗവ. മലബാർ കാൻസർ സെൻറർ, തൃശൂർ മെഡിക്കൽ കോളജ്, എറണാകുളം ജനറൽ ആശുപത്രി എന്നിവയാണ് സർക്കാർ മേഖലയിലെ മറ്റ് പ്രധാന ചികിത്സകേന്ദ്രങ്ങൾ. റിപ്പോർട്ട് ചെയ്യപ്പെടാത്ത രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കിനെക്കാൾ വളരെ കൂടുതലാണ്. എന്നാൽ, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ചികിത്സ സൗകര്യമില്ല. പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒരു അർബുദ ചികിത്സ കേന്ദ്രം പോലുമില്ല. മധ്യകേരളത്തിന് ഏറെ ഗുണം ചെയ്യുമായിരുന്ന കൊച്ചി കാൻസർ സെൻറർ നിർമാണം പ്രതിസന്ധിയിലാണ്.
അർബുദബാധിതരുടെ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങൾ കേരളവും മിസോറമുമാണ്. രാജ്യത്ത് സാംക്രമികം അല്ലാത്ത രോഗങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒമ്പതു ശതമാനത്തിനും പിന്നിൽ അർബുദമാണെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) നടത്തിയ പഠനത്തിലെ കണ്ടെത്തൽ.
ലോകത്ത് ആറിൽ ഒരാളുടെ മരണകാരണം അർബുദമാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.