ഭിന്നശേഷിക്കാരനെ മർദിച്ച സംഭവം; എസ്.എഫ്.ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യൂനിവേഴ്സിറ്റി കോളജ് യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ നാല് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം അഡീഷണല്‍ സി. ജെ. എം കോടതിയുടേതാണ് നടപടി.
യൂനിറ്റ് സെക്രട്ടറിയും പി.ജി സുവോളജി രണ്ടാം വർഷ വിദ്യാർഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവർഷ വിദ്യാർഥിയുമായ അമൽചന്ദ്, ഹിസ്റ്ററി മൂന്നാംവർഷ വിദ്യാർഥി മിഥുൻ, ബോട്ടണി മൂന്നാം വർഷ വിദ്യാർഥി അലൻ ജമാൽ എന്നിവരായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ടുതല്ലി. അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളജിലെ എസ്.എഫ്.ഐ നേതാക്കൾ പറയുന്നതുപോലെ സംഘടനാപ്രവർത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മർദനമെന്നാണ് അനസ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അനസിനോടൊപ്പം നിന്നതിന് കഴിഞ്ഞ ദിവസം കോളജ് ഹോസറ്റൽ മുറിയിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിക്ക് മർദ്ദനമേൽക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.