ആളുമാറി അറസ്റ്റ് ചെയ്യപ്പെട്ട ഭാരതിയമ്മക്ക് പൊലീസ് ഭീഷണി; പരാതിയില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടെന്ന്
text_fieldsപാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിലെ ഇരയായ പാലക്കാട് സ്വദേശി ഭാരതിയമ്മക്ക് പൊലീസ് ഭീഷണി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിയെന്ന് ഡി.ജി.പിക്കും എസ്.പിക്കും നൽകിയ പരാതിയിൽ സഹോദരൻ കൊച്ചുകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പരാതിയില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
പൊലീസ് തന്നെ തയാറാക്കിയ കുറിപ്പിലാണ് ഭാരതിയമ്മയോട് ഒപ്പിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. കേസ് തുടർന്ന് നടത്തുന്നില്ലെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്നും നഷ്ടപരിഹാരം ആവശ്യമില്ലെന്നുമാണ് സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്. കുറിപ്പ് വായിച്ചു നോക്കിയ ഭാരതിയമ്മ ഒപ്പിടാൻ തയാറായില്ല. തുടർന്ന് ഭാരതിയമ്മ സഹോദരനെ വിവരമറിയിച്ചു. ഇതേതുടർന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് മനുഷ്യാവകാശ ലംഘനം ആവർത്തിക്കാതിരിക്കാൻ പരാതി നൽകിയത്.
84കാരിയായ ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അറസ്റ്റ് ചെയ്തതിൽ ഭാരതിയമ്മക്ക് മനോവിഷമം ഉണ്ടായെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാരതിയമ്മയുടെ അഭിഭാഷകൻ വീഴ്ചക്കാരായ പൊലീസുകാരുടെ വിവരങ്ങൾ തേടി വിവരാവകാശം നൽകി. ഇതിന് മുന്നോടിയായി ഭാരതിയമ്മ തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ പൊലീസുകാർ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത്. കുറിപ്പെഴുതി നൽകില്ലെന്ന് സഹോദരൻ പറഞ്ഞതോടെ പൊലീസുകാർ മടങ്ങുകയായിരുന്നു. അതേസമയം, ഭീഷണിപ്പെടുത്തിയില്ലെന്നാണ് പൊലീസ് വിശദീകരണം.
ആളുമായി അറസ്റ്റ് ചെയ്ത സംഭവം ഇങ്ങനെ:
1998ൽ കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടുജോലിക്കാരിയായിരുന്നു ഭാരതി എന്ന സ്ത്രീ. ഇവർ ഒരിക്കൽ ജോലിചെയ്തിരുന്ന വീട്ടുകാരുമായി പിണങ്ങി. തുടർന്ന് വീട്ടുകാരുമായി പ്രശ്നമുണ്ടാക്കുകയും ഇവിടത്തെ ചെടിച്ചട്ടിയും മറ്റും എറിഞ്ഞുടക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്തു. ഇതോടെ രാജഗോപാൽ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസ് ഭാരതിക്കെതിരെ കേസെടുത്തു, അറസ്റ്റ് ചെയ്തു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ മുങ്ങുകയായിരുന്നു. ഇവരെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല.
2019ലാണ് പൊലീസ് വീണ്ടും കേസിൽ നടപടി ആരംഭിച്ചത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് സെപ്റ്റംബർ 25ന് അറസ്റ്റ് ചെയ്തതാകട്ടെ കുനിശ്ശേരി സ്വദേശിയായ 84 വയസ്സുള്ള ഭാരതിയമ്മയെ. നാല് വര്‍ഷമായി കേസിന്റെ പിന്നാലെയായിരുന്നു ഈ 84കാരി. കേസില്‍നിന്ന് ഒഴിവാകാന്‍ ഒരു വഴിയുമില്ലായിരുന്നു. പിന്നീട് കോടതിയില്‍ സാക്ഷിതന്നെ നേരിട്ടെത്തിയതോടെയാണ് പൊലീസിന് നാണക്കേടായ സംഭവം ചുരുളഴിയുന്നത്.
ഭാരതിയമ്മയുടെ അകന്ന ബന്ധുവാണ് കേസിൽ യഥാർഥ പ്രതിയായിരുന്ന ഭാരതി. ഭാരതിയമ്മയുടെ കുടുംബവുമായി ഭാരതിക്ക് 1994ൽ ഒരു സ്വത്തുതർക്കം ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കുന്നതിന് തെറ്റായ വിലാസം നൽകി ഭാരതിയമ്മയെ കുടുക്കിയതാകാമെന്നാണ് പൊലീസ് പറയുന്നത്. നാലു വർഷത്തിനുശേഷം പൊലീസ് ജയിലിലാക്കുമെന്ന് തിരിച്ചറിഞ്ഞ ഭാരതിയമ്മ ബന്ധുക്കളുടെ സഹായത്തോടെ കേസിലെ പരാതിക്കാരെ കണ്ടെത്തി കോടതിയിൽ എത്തിച്ചു.
84കാരിയായ ഭാരതിയമ്മയല്ല വീട്ടിൽ ജോലിക്ക് വന്നതെന്നും കേസുമായി മുന്നോട്ടുപോവാൻ താൽപര്യമില്ലെന്നും പരാതിക്കാർ കോടതിയെ അറിയിച്ചു. ജോലിക്ക് വന്നിരുന്ന ഭാരതിക്ക് നിലവിൽ 50 വയസ്സിനടുത്ത് പ്രായമേ ഉണ്ടാകൂ. പിതാവിന്റെ വീട്ടിൽ അതിക്രമം കാണിച്ചെന്നുകാട്ടിയാണ് രാജഗോപാൽ പരാതി നൽകിയിരുന്നത്. അച്ഛന്റെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും രാജഗോപാൽ കോടതിയെ അറിയിച്ചു. അങ്ങനെയാണ് നീണ്ട നിയമപോരാട്ടത്തിന് അവസാനമാകുന്നത്. കേസുമായി മുന്നോട്ട് പോകാനില്ലെന്നും പരാതിക്കാർ പറഞ്ഞു. ഇതോടെ നാലുവർഷം നീണ്ട ആധിക്കറുതിയായി, ഭാരതിയമ്മ കേസിൽ നിന്ന് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.