റോഡ് തടഞ്ഞ് സി.പി.എം സ്റ്റേജ് കെട്ടിയ സംഭവം; കേസെടുത്ത് പൊലീസ്
text_fieldsതിരുവനന്തപുരം: വഞ്ചിയൂരില്‍ സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയാണ് വിവാദത്തിന് കാരണമായത്. വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടിയാണ് സി.പി.ഐ.എം വേദിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആംബുലന്‍സുകള്‍ അടക്കം നൂറുകണക്കിനു വാഹനങ്ങളാണ് കുരുക്കില്‍പ്പെട്ടത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ കുടുങ്ങി.
ഇതിന് പിന്നാലെ അനുമതി വാങ്ങാതെയാണ് സി.പി.ഐ.എം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിന്റെ പ്രതികരണം. എല്ലാ വശങ്ങളും പരിശോധിച്ചാണ് വേദിയൊരുക്കിയതെന്നും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയിരുന്നുവെന്നും വഞ്ചിയൂര്‍ ബാബു പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. റോഡിലേക്ക് ഇറക്കി കെട്ടിയ പന്തലില്‍ കെഎസ്ആര്‍ടിസി ബസ് കുടുങ്ങിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസ് പുറത്തെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.