മതം ചോദിച്ച് മലിന ഭക്ഷണം നൽകിയ സംഭവം; രണ്ട് ജീവനക്കാരെ പുറത്താക്കി റെയിൽവെ
text_fieldsകോഴിക്കോട്: രാജധാനി എക്സ്പ്രസില്‍ യാത്രചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തില്നിന്നെടുത്ത് ഭക്ഷണം നൽകിയെന്ന പരാതിയിൽ ട്രെയിനിലെ കാറ്ററിങ് ജീവനക്കാരനെ പിരിച്ചുവിട്ടു. കരാറുകാരന് 10,000 രൂപ പിഴ ചുമത്തുകയും കാറ്ററിങ് സൂപ്പർവൈസറുടെ സേവനം താൽക്കാലികമായി രാജധാനി എക്സ്പ്രസിൽ റദ്ദ് ചെയ്തിട്ടുമുണ്ട്. പനവേലില്‍നിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്ത ആർക്കിടെക്ടായ യുവതിക്കും കുടുംബത്തിനുമാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുടുംബം പനവേലിൽനിന്ന് രാജധാനി എക്സ്പ്രസ് ട്രെയിനിൽ കയറിയത്. രാത്രി 11 ഓടെ ട്രെയിനിൽ കയറിയപ്പോൾ തങ്ങളുടെ കിടക്കവിരിയും പുതപ്പും മറ്റ് യാത്രക്കാർ ഉപയോഗിച്ചതായി കണ്ടിരുന്നു. ഇത്രയധികം പൈസ നൽകി ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോൾ അതിനുവേണ്ട സൗകര്യങ്ങൾ അനുവദിക്കണമെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ തയാറായില്ല. ഇതോടെ യുവതിക്ക് ടി.ടി.ആറിനടുത്ത് പരാതി പറയേണ്ടിവന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു. പുതപ്പ് മാറ്റിനൽകിയ ജീവനക്കാരൻ പ്രശ്നങ്ങളെല്ലാം അവസാനിച്ചതിനുശേഷം വന്ന് മുസ്ലിമാണോ എന്ന് ചോദിച്ചിരുന്നതായി യുവതി പറഞ്ഞു.
പിറ്റേന്ന്, മറ്റുള്ളവർക്ക് കൊടുത്ത് 10 മിനിറ്റിന് ശേഷമാണ് യുവതിക്കും കുടുംബത്തിനും പ്രഭാതഭക്ഷണം നൽകിയത്. എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ സ്പെഷലായി ഉണ്ടാക്കിയെന്നായിരുന്നു പാൻട്രി ജീവനക്കാരുടെ മറുപടി.
എന്നാല്‍, അവര്‍ കൊണ്ടുവന്ന ബ്രഡും ഓംലെറ്റും കഴിച്ചപ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടു. തുടര്‍ന്ന് കൂടെയുള്ളവരോട് കഴിക്കരുതെന്ന് പറയുകയും ചെയ്തതായി യുവതി പറഞ്ഞു. ജീവനക്കാരൻ സ്പെഷൽ ഭക്ഷണം എങ്ങനെയുണ്ടെന്ന് ഒന്നിൽക്കൂടുതൽ തവണ ചോദിച്ചെങ്കിലും സംശയിക്കാൻ തോന്നിയില്ല. ഉച്ചക്കും മറ്റുള്ള യാത്രക്കാർക്ക് നൽകുമ്പോൾ ഇവർക്ക് ഭക്ഷണം നൽകിയില്ല. 10 മിനിറ്റ് കഴിഞ്ഞ് നൽകിയ ഉച്ചഭക്ഷണം തുറന്നതോടെയാണ് പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലായത്.
വൃത്തിഹീനമായ ചോറും ചിക്കൻ കറിയുമായിരുന്നു അത്. മാത്രമല്ല, ജീവനക്കാരൻ തങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാനായി അവിടെ വന്നിരുന്നതായും യുവതി പറയുന്നു. ദുർഗന്ധം അനുഭവപ്പെട്ടതോടെ മറ്റ് സീറ്റുകളിൽ ഇരുന്ന യാത്രക്കാരോട് അവരുടെ ഭക്ഷണവും ഇങ്ങനെയാണോ എന്ന് ചോദിച്ചു. അവരുടെ ഭക്ഷണത്തിന് കുഴപ്പമില്ല എന്ന് മനസ്സിലായതോടെയാണ് തങ്ങളെ ലക്ഷ്യംവെച്ചുള്ള ഗൂഢാലോചനയാണിതെന്ന് മനസ്സിലായതെന്നും യുവതി പറഞ്ഞു. ബോഗിയിലുണ്ടായിരുന്ന ആർമി ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് ജീവനക്കാരെ ചോദ്യംചെയ്തപ്പോഴാണ് മാലിന്യത്തിൽനിന്നെടുത്ത ഭക്ഷണമാണ് നൽകിയതെന്ന് ജീവനക്കാർ സമ്മതിച്ചത്. സംഭവത്തിൽ മാപ്പുപറയുന്നതിന് പകരം പുറത്ത് പറയരുതെന്നും ഒത്തുതീർപ്പാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. പരാതി നല്കിയാല് ഡല്‍ഹിയിലും മുംബൈയിലും കേസ് നടത്തിപ്പിനായി വരാന്‍ ബുദ്ധിമുട്ടാകുമെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം വിഡിയോയിൽ പകർത്തിയതായി യുവതി പറഞ്ഞു.
കോഴിക്കോട്ടെത്തിയ ഇവർ റെയിൽവേയിലെ കാറ്ററിങ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ റെയിൽവേ പൊലീസിനും കോഴിക്കോട് ടൗൺ പൊലീസിനും പരാതി നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാരനെ റെയിൽവേ പിരിച്ചുവിട്ടത്. മതേതരമായി ജീവിക്കുന്ന തന്നോട് മതം ചോദിച്ചതാണ് തനിക്ക് ഏറ്റവും വേദനാജനകമായി അനുഭവപ്പെട്ടതെന്ന് യുവതി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.