സീബ്രാലൈനിലൂടെ നടന്ന വിദ്യാർഥിനിയെ ബസ് ഇടിച്ച സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsഫറോക്ക്: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് ജോയന്റ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവർ മലപ്പുറം എടക്കര സ്വദേശി സൽമാന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ ശിക്ഷാ നടപടിയുടെ ഭാഗമായി മൂന്ന് ദിവസത്തെ ട്രെയിനിങ്ങും അഞ്ചു ദിവസത്തെ പാലിയേറ്റിവ് പരിചരണത്തിനും മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന സ്ഥലത്ത് ഡ്രൈവർ ഹാജരാകണം.
ദേശീയപാതയിൽ ചെറുവണ്ണൂർ ഗവ. സ്കൂളിന് മുന്നിൽ റോഡിലെ സീബ്രാലൈനിലൂടെ സൂക്ഷ്മതയോടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനിയെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചീറിപ്പാഞ്ഞുവന്ന ബസ് ഇടിച്ചത്. കൊളത്തറ തയ്യിൽ ഹൗസിൽ നിസാറിന്റെ മകൾ ഫാത്തിമ റിനയാണ് (18) ഇടിയേറ്റ് തെറിച്ചുവീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് -മഞ്ചേരി റൂട്ടിൽ സർവ്വീസ് നടത്തുന്ന 'പാസ്സ്' എന്ന സ്വകാര്യ ബസാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു വീഴ്ത്തിയത്.
സീബ്രാ ലൈനിലൂടെയുള്ള ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളുടെയും മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കന്നതിന്റെ ഭാഗമായാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടതെന്ന് ഫറോക്ക് ജോയന്റ് ആർ.ടി.ഒ. ഷബീർ മുഹമ്മദ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയിൽനിന്ന് തിങ്കളാഴ്ച നല്ലളം പൊലീസ് മൊഴിയെടുത്തതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.