മക്കൾ വീട് പൊളിച്ച സംഭവം; പൊലീസ് റിപ്പോർട്ട് കോടതി തള്ളി, പുനരന്വേഷിക്കാൻ ഉത്തരവ്
text_fieldsഹരിപ്പാട്: മാതാവിന് അവകാശമുള്ള വീട് മക്കൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
ചിങ്ങോലി വില്ലേജിൽ കാവുമ്പുറത്ത് പരേതനായ ഹബീബ് കുഞ്ഞിന്റെ ഭാര്യ ആമിനാബീവിയുടെ (83) മൂത്തമകൻ കബീർ, കബീറിന്റെ മകൻ നിഷാദ് കബീറിന്റെ സഹോദരൻ നാസർ എന്നിവരെ പ്രതികളാക്കി കരീലക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തെറ്റാണെന്ന് കരീലകുളങ്ങര എസ്.എച്ച്.ഒ ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിയിരുന്നു. അതിനെതിരെ അഡ്വ. എം. താഹ മുഖേന കോടതിയിൽ ആമിനാബീവി നൽകിയ ഹരജിയിലാണ് കോടതി വിധി.
വീട് പൊളിച്ചതുമായി ബന്ധപ്പെട്ട് 2023 നവംബർ 29ന് ‘മാധ്യമ’ത്തിൽ വന്ന വാർത്തയും ഹരജിയോടൊപ്പം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പൊലീസിന്റെ കളവായ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ചു. കേസ് ശരിയായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കരീലകുളങ്ങര എസ്.എച്ച്.ഒക്ക് നിർദേശം നൽകി. കായംകുളത്തെ മകളുടെ വീട്ടിൽ ആമിനാബീവി ചികിത്സാർഥം പോയ സമയത്താണ് പട്ടാപ്പകൽ മക്കൾ കോൺക്രീറ്റ് വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.
മണ്ണുമാന്തി യന്ത്രവും സാധനം കയറ്റി പോകാൻ വന്ന ട്രക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതികളുടെ സ്വാധീനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് തേച്ചുമായ്ച്ച് കളഞ്ഞെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.