കാട്ടുപന്നിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; സർക്കാറിനോട് വിശദീകരണം തേടി ഹൈകോടതി
text_fieldsകൂരാച്ചുണ്ട്: കാട്ടുപന്നിതട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നൽകിയ കേസിൽ സർക്കാറിനോടും വനം വകുപ്പിനോടും ഹൈകോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു.
2021 ഒക്ടോബർ ആറിന് രാത്രി താമരശ്ശേരിയിൽ നിന്നും ഓട്ടോറിക്ഷയുമായി കൂരാച്ചുണ്ടിലേക്ക് വരുന്നതിനിടെ കട്ടിപ്പാറക്കടുത്ത് ചെമ്പ്രക്കുണ്ടയിലാണ് കാട്ടുപന്നി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഡ്രൈവർ കൂരാച്ചുണ്ട് സ്വദേശി റഷീദിന് ഗുരുതര പരിക്കേൽക്കുകയും പിന്നീട് ചികിത്സക്കിടെ മരിക്കുകയും ചെയ്തത്.
റഷീദിന്റെ ചികിത്സാ ചെലവിനായി കുടുംബാംഗങ്ങൾ അപേക്ഷയുമായി താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ നിരവധി തവണ സമീപിച്ചെങ്കിലും പന്നി ഇടിച്ചല്ല ഓട്ടോ മറിഞ്ഞതെന്ന വാദമാണ് അവർ ഉയർത്തിയത്.
അവകാശപ്പെട്ട നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടതിനെതിരെ വി.ഫാം ഫാർമേഴ്സ് ഫൗണ്ടേഷൻ നേതൃത്വത്തിൽ കർഷക സംഘടനകൾ റഷീദിന്റെ മൃതദേഹവുമായി താമരശ്ശേരി റേഞ്ച് ഓഫിസ് ഉപരോധിച്ചു. ഇതിനെ തുടർന്ന് കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ രേഖാമൂലം ഉറപ്പുനൽകുകയും ചെയ്തിരുന്നു.
ഈ കേസിൽ താമരശ്ശേരി പൊലീസ് അന്വേഷണം നടത്തുകയും കാട്ടുപന്നി ഇടിച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞതെന്ന് സ്ഥിരീകരിക്കുകയുമുണ്ടായി. നഷ്ടപരിഹാരത്തുക മുടക്കുന്നതായി ആരോപിച്ച് റേഞ്ച് ഓഫിസറുടെ വീട്ടുപടിക്കലടക്കം കർഷക സംഘടനകൾ സമരം നടത്തി. അപേക്ഷ ഓൺലൈനായും നേരിട്ടും സമർപ്പിച്ചിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.