റിസോർട്ടിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; നടത്തിപ്പുകാരിൽ ഒരാൾ പിടിയിൽ
text_fieldsകൽപറ്റ: റിസോർട്ടിൽ വിനോദസഞ്ചാരിയായ എം.ബി.ബി.എസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ വീട്ടിൽ സി.കെ. ഷറഫുദ്ദീനെയാണ് (32) മേപ്പാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. സംഭവത്തിൽ കൂടുതൽപേർ പിടിയിലാകാനുണ്ട്.
മാർച്ച് 24ന് രാത്രിയോടെയാണ് ദിണ്ടികൽ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ബാലാജി (21) ഷോക്കേറ്റ് മരിച്ചത്. പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കെ.എസ്.ഇ.ബി അധികൃതരും പരിശോധിച്ച് പൊലീസിന് റിപ്പോർട്ട് നൽകി. റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യംചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്സ് ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീന് വൈദ്യുത തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിർദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായത്. പൂളിന് സമീപമുള്ള വൈദ്യുത തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ വിദ്യാർഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമായത്.
മാർച്ച് 24നാണ് ബാലാജിയടക്കമുള്ള 12 മെഡിക്കൽ വിദ്യാർഥികൾ കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ല റിസോർട്ടിലെത്തിയത്. രാത്രി ഏഴ് മണിയോടെ ബാലാജിയും സുഹൃത്തുക്കളും സ്വിമ്മിങ് പൂളിലിറങ്ങി.
7.20 ഓടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി പൂളിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങിന്റെ മധ്യഭാഗത്തുള്ള ഗേറ്റിൽനിന്ന് ബാലാജിക്കും സുഹൃത്തുക്കൾക്കും ഷോക്കേറ്റത്. ബാലാജിക്ക് നെഞ്ചിന് ഷോക്കേറ്റതാണ് മരണത്തിന് കാരണമായത്. മറ്റു യുവാക്കൾ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
പൂളിന് ചുറ്റുമുള്ള ഇരുമ്പ് ഫെൻസിങിലുള്ള വിളക്കുകളിലേക്ക് വൈദ്യുതി എത്തിയാൽ എർത്ത് ലീക്കേജ് ഉണ്ടാവുമെന്നും ആ സമയത്ത് അവിടെ പ്രവേശിക്കുന്നവർക്ക് അപകടമുണ്ടാവുമെന്നും നേരത്തെ അറിയാമായിരുന്നിട്ടും തകരാർ പരിഹരിക്കാതെ നടത്തിപ്പുകാർ സഞ്ചാരികൾക്ക് പ്രവേശനം നൽകിയെന്നാണ് ആരോപണം.
ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി. സുമേഷ് സംഭവസ്ഥലം പരിശോധിച്ച് നൽകിയ റിപ്പോർട്ടിൽ നിർമാണാവശ്യത്തിന് നൽകിയ കണക്ഷൻ നിബന്ധനകൾ ലംഘിച്ച് നിർമാണേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായും വൈദ്യുത സർക്യൂട്ടിൽ സ്ഥാപിച്ചിരുന്ന സുരക്ഷ ഉപകരണം ബൈപാസ് ചെയ്ത് ഉപയോഗിച്ചതായും പറയുന്നുണ്ട്.
ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ താഹിർ, സജി, സി.പി.ഒ ബാലു, ഡ്രൈവർ ഷാജഹാൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.