ബസ്, ഓട്ടോ-ടാക്സി ചാർജ് വർധന മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
text_fieldsതിരുവനന്തപുരം: ബസ് -ഓട്ടോ -ടാക്‌സി നിരക്ക് വര്‍ധന മേയ് ഒന്നിന് നിലവില്‍ വരുമെന്ന് മന്ത്രി ആന്‍റണി രാജു. ഉത്തരവ് ഇറങ്ങും മുമ്പ് എല്ലാ കാര്യങ്ങളിലും സമവായം കണ്ടെത്തും. കോവിഡ് കാലത്തെ യാത്രനിരക്ക് വര്‍ധന പിന്‍വലിച്ചിട്ടുണ്ട്. വിദ്യാർഥി നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കും. ഇതിനു ശേഷമേ അന്തിമ തീരുമാനം എടുക്കൂ.
ബസുകളുടെ കുറഞ്ഞ നിരക്ക് എട്ടിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് സർക്കാർ തീരുമാനം. കിലോമീറ്ററിന് 90 പൈസയിൽനിന്ന് ഒരു രൂപയായി ഉയരും. സൂപ്പർ ഫാസ്റ്റുകളിൽ മിനിമം നിരക്ക് 20 രൂപയിൽനിന്ന് 22 ആകും. ഡീലക്സുകളിലും സ്കാനിയയിലും നിരക്ക് വർധിച്ചേക്കില്ല. ഓട്ടോ റിക്ഷകൾക്ക് മിനിമം നിരക്ക് 25 രൂപയിൽനിന്ന് 30 രൂപയാകും. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. നിലവിൽ ഇത് 12 രൂപയാണ്.
നാലുചക്ര ഓട്ടോകളുടെ മിനിമം നിരക്ക് 35 രൂപയാകും. 1500 സി.സിക്ക് താഴെയുള്ള ടാക്സി കാറുകൾക്ക് 200 രൂപയാണ് മിനിമം നിരക്ക്. 1500 സി.സിക്ക് മുകളിലുള്ള ടാക്സി കാറുകൾക്ക് 225 രൂപയും.
സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പെട്ടത് ചെറിയ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ ഇക്കാര്യം പൊലിപ്പിച്ച് കാണിച്ചോ എന്നു സംശയമുണ്ട്. സുരക്ഷിതമായി ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാരെല്ലാം പ്രാവീണ്യമുള്ളവരാണ്. ശമ്പള വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. ശമ്പള പരിഷ്‌കരണവും ഇന്ധന വിലവർധനയും ആയതോടെ ഒരു മാസം അധികമായി 40 കോടി കണ്ടെത്തണം.
ദ്വിദിന പണിമുടക്കും പ്രതിസന്ധി ഇരട്ടിയാക്കി. സംഘടനകളുടെ സമ്മേളനത്തിനായി ട്രിപ്പുകള്‍ മുടക്കിയതും വലിയ തിരിച്ചടിയായി. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ സഹായം തേടിയിട്ടുണ്ട്. ധനവകുപ്പിന്‍റെ അനുമതി കിട്ടിയാലുടൻ ശമ്പളം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.