ശ്രദ്ധ വിതരണത്തിൽ; വൈദ്യുതി ഉൽപാദനം കൂട്ടുന്നതിൽ മെല്ലെപ്പോക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനനുസരിച്ച് ഉൽപാദനം വർധിപ്പിക്കാൻ കാര്യമായ ഇടപെടലില്ല. ഉൽപാദനത്തിന് അർഹമായ പ്രാധാന്യം നൽകാതെ വിതരണത്തിൽ കൂടുതൽ ശ്രദ്ധവെക്കുന്നത് സംസ്ഥാനത്തെ ഊർജ മേഖലയെ പിന്നോട്ടടിക്കുകയാണ്. 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെ സംസ്ഥാനത്ത് ഉപയോഗിച്ച വൈദ്യുതിയുടെ 78 ശതമാനവും പുറത്തുനിന്നും വാങ്ങിയതാണെന്നാണ് കണക്കുകൾ. വൈദ്യുതി ഉപയോഗം റെക്കോഡ് ഭേദിച്ച് കുതിക്കുന്ന ഈ വർഷവും പുറത്തുനിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് കൂടാനാണ് സാധ്യത.
വർഷം 10,000 കോടിയോളം വേണ്ടിവരുന്ന ‘പവർ പർചേസ്’ കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഉണ്ടാവുന്നില്ലെന്ന വിമർശനം ശക്തമാണ്. വിതരണ രംഗത്ത് സബ് സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്. ജലവൈദ്യുത പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം, സോളാർ പദ്ധതികളുടെ വ്യാപനം എന്നിവയിൽ കൃത്യമായ ആസൂത്രണവും നിർവഹണവും നടക്കുന്നില്ല. 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം അടക്കം 777 മെഗാവാട്ടിലേറെ ഉൽപാദനം പ്രതീക്ഷിക്കുന്ന 126 ജല വൈദ്യുത പദ്ധതികളാണ് സംസ്ഥാനത്ത് ഇനിയും യാഥാർഥ്യമാകാത്തത്.
10 വർഷത്തിനുള്ളിൽ ഇപ്പോഴുള്ള 10 കോടി യൂനിറ്റ് ലോഡ് 20 കോടിയിലേക്ക് കടക്കാനുള്ള സാധ്യത നിലനിൽക്കെ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ വലിയ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുകയെന്ന് പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം മുൻ പ്രോജക്ട് മാനേജർ ജേക്കബ് ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. കെ.എസ്.ഇ.ബിയിൽ 700 സിവിൽ എൻജിനീയർമാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വർഷംകൊണ്ട് ഇവരുടെ അധ്വാനത്തിൽ കൂട്ടിച്ചേർത്ത ഉൽപാദനശേഷി വെറും 99 മെഗാവാട്ട് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇ.വി’കൾ വർധിക്കുന്നതും എയർകണ്ടീഷണർ അവശ്യവസ്തുവായി മാറുകയും ചെയ്യവെ വൈദ്യുതി ഉപയോഗം വരും വർഷങ്ങളിൽ ഉയരുമെന്നുറപ്പാണ്. ഇതു നേരിടാൻ ജല, സൗരോർജ പദ്ധതികൾക്ക് കൂടുതൽ പ്രധാന്യം നൽകണമെന്ന നിർദേശമാണ് ഉയരുന്നത്. ഇതിലൂടെ നിരക്കുവർധന ഒഴിവാക്കാനാവും.
ഉപയോഗം 104.492 ദശലക്ഷം യൂനിറ്റ്
തിരുവനന്തപുരം: ബുധനാഴ്ച വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. 104.492 ദശലക്ഷം യൂനിറ്റാണ് ആവശ്യമായി വന്നത്. പീക്ക് സമയത്തെ ഉപയോഗം 5389 മെഗാവാട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.