ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന
text_fieldsമാവൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിന്റെ ഇരുതീരങ്ങളിൽ വ്യാപക പരിശോധന. ചാലിയാറിന്റെ മണന്തലക്കടവ്, അറപ്പുഴ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മൃതദേഹവും ശരീര ഭാഗങ്ങളും കിട്ടിയ സാഹചര്യത്തിലാണ് തെരച്ചിൽ. ശനിയാഴ്ചയും തെരച്ചിൽ തുടരും. മാവൂർ, വാഴക്കാട് പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ കൂളിമാട് പാലം മുതൽ ഊർക്കടവ് വരെ അതത് സ്റ്റേഷൻ പരിധിയിലെ ഭാഗങ്ങളിലും മുക്കം പൊലീസിന്റെ നേതൃത്വത്തിൽ കൂളിമാട് മുതൽ മുകൾ ഭാഗത്തേക്കുമാണ് പരിശോധന നടത്തിയത്. നിരവധി ബോട്ടുകൾ ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും സംഘടനകളും നാട്ടുകാരും പങ്കെടുത്തു. ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ പുഴ തീരത്തെ പൊന്തക്കാടുകളിലോ മുളക്കൂട്ടങ്ങളിലോ വള്ളിപ്പടർപ്പുകളിലോ തങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞദിവസം മണന്തലക്കടവിൽ വാഴക്കാട് ഭാഗത്തുനിന്ന് ഒമ്പതുവയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെയും പന്തീരാങ്കാവ് അറപ്പുഴ ഭാഗത്തുനിന്ന് പുരുഷന്റെ കാൽപാദവും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചാലിയാറിൽ വ്യാപകമായി തിരച്ചിലിന് നിർദേശം നൽകിയത്. മാവൂർ പൊലീസ് ഇൻസ്പെക്ടർ പി. രാജേഷ്, വാഴക്കാട് പൊലീസ് ഇൻസ്പെക്ടർ കെ. രാജൻ ബാബു, മുക്കം പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്ഥലം സന്ദർശിച്ചു. മുക്കം സന്നദ്ധ സേനയുടെ നേതൃത്വത്തിൽ കൂളിമാട് പാലത്തിനടിയിൽനിന്ന് ചാലിയാറിൽ ഡ്രോൺ പരിശോധനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.