ചോരകൊണ്ട് കണക്കെഴുതാൻ വീണ്ടും ഗുണ്ടാസംഘങ്ങള്‍; സംഭാഷണം പുറത്ത്
text_fieldsതിരുവനന്തപുരം: ചെറിയ ഇടവേളക്ക് ശേഷം തലസ്ഥാനനഗരിയിൽ കുടിപ്പക തീര്‍ക്കാന്‍ ഗുണ്ടാസംഘങ്ങള്‍ തയാറെടുക്കുന്നതായി സൂചന; ഇതിനായുള്ള പദ്ധതികൾ പലയിടങ്ങൾ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് സംശയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊലീസിനെ വെട്ടിച്ചാണ് പദ്ധതി തയാറാക്കുന്നത്. കണ്ണമ്മൂലയിലെ വിഷ്ണുവിെൻറ കൊലപാതകത്തിന് പകരം വീട്ടുമെന്നും അതിനായുള്ള പദ്ധതികൾ തയാറാക്കുകയാണെന്നുമുള്ള നിലയിൽ ഒരു ഗുണ്ടാസംഘാംഗം മറ്റൊരാളോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രതിപക്ഷപാർട്ടി നേതാവിെൻറ വീട്ടില്‍ ചില ഗുണ്ടാനേതാക്കൾ ഒത്തുചേര്‍ന്നത് ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യാനാണെന്ന സംശയവും ഉയരുകയാണ്.
ശ്രീകാര്യത്തിന് സമീപമുള്ള ഇൗ വീട്ടിൽ സെപ്റ്റംബർ ഒന്നിന് കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് തുടങ്ങി ക്രിമിനല്‍ കേസ് പ്രതികളായ പന്ത്രണ്ട് പേർ ഒത്തുചേര്‍ന്നിരുന്നുവെന്ന് പൊലീസ് സ്ഥീരീകരിച്ചു. 2015ല്‍ കണ്ണമ്മൂലയില്‍ നടന്ന സുനില്‍ ബാബു കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന അരുണ്‍, അനീഷ്, കിച്ചു എന്നീ പ്രതികൾ പരോളില്‍ ഇറങ്ങിയും ഇതില്‍ പങ്കെടുത്തു. ഇതില്‍ ഒരാളുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. സുനില്‍ ബാബു വധത്തിന് പിന്നാലെ ഇവരുടെ സംഘത്തില്‍പെട്ട വിഷ്ണു കൊല്ലപ്പെട്ടിരുന്നു. അതിലെ പ്രതിയായ ഒരാളെ ആക്രമിക്കുമെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. തങ്ങൾ ചുമ്മാതെ ഇരിക്കുകയായിരുന്നെന്നാണോ കരുതിയതെന്നും അതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവൻ പുറത്തിറങ്ങിയാൽ പണി കൊടുക്കും തുടങ്ങിയ കാര്യങ്ങളാണ് ഫോണിൽ പറയുന്നത്. പരോളില്‍ ഇറങ്ങുന്നതിന് മുമ്പ് ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ വിളിയാണിതെന്നാണ് വിവരം.
കൊലക്ക് തിരിച്ചടി നൽകാനുള്ള പദ്ധതി ആസുത്രണം ചെയ്യാനായിരുന്നോ ഗുണ്ടാനേതാക്കൾ ഒത്തുചേർന്നതെന്നാണ് സംശയം. ഇതുസംബന്ധിച്ച കാര്യങ്ങൾ രഹസ്യാേന്വഷണവിഭാഗം പരിശോധിക്കുന്നുണ്ട്. ഗുണ്ടാനേതാക്കൾ ഒത്തുചേർന്നതിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പൊലീസിെൻറ ആദ്യ നിഗമനം.
മുമ്പ് സിറ്റി പൊലീസ് കമീഷണറുടെ ഉൾപ്പെടെ നേതൃത്വത്തിൽ പൊലീസ് ഷാഡോ സംഘങ്ങളെ നിയോഗിച്ചാണ് ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്തിരുന്നത്. എന്നാൽ ഷാഡോ സംഘങ്ങളെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് അവ പിരിച്ചുവിട്ടിരുന്നു. ആ സാഹചര്യത്തിലാണ് ഇപ്പോൾ ഗുണ്ടാസംഘങ്ങൾ വീണ്ടും ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.