എം.ടി. പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെയാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം -എ.എൻ. ഷംസീർ
text_fieldsതിരുവനന്തപുരം: എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ രൂക്ഷ രാഷ്ട്രീയ വിമര്‍ശനത്തോട് പ്രതികരിച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. എം.ടി. പറഞ്ഞത് മുഖ്യമന്ത്രിയെ കുറിച്ചാണെന്നതും കേന്ദ്ര സർക്കാറിനെ കുറിച്ചാണെന്നതും വ്യാഖ്യാനം മാത്രമാണെന്ന് എ.എൻ. ഷംസീർ പറഞ്ഞു. ആരെ കുറിച്ചാണെന്നത് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ഷംസീർ ചൂണ്ടിക്കാട്ടി.
നിലവിൽ പുറത്തു വരുന്നത് ഓരോരുത്തരുടെ വ്യാഖ്യാനങ്ങളാണ്. എം.ടിയെ പോലെ വലിയ വ്യക്തിത്വമുള്ള ഒരാളെ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് കേന്ദ്ര സർക്കാറിനെതിരായിട്ടായിരിക്കാം. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. മുഖ്യമന്ത്രിക്കെതിരെയാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും എ.എൻ. ഷംസീർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി ഇ.എം.എസുമായി താരതമ്യപ്പെടുത്തിയാണ് എം.ടി. വാസുദേവന്‍ നായര്‍ രൂക്ഷ രാഷ്ട്രീയ വിമര്‍ശനം ഉയർത്തിയത്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി എന്ന് പറഞ്ഞു തുടങ്ങിയ എം.ടി, പിണറായിയുടെ പേരെടുത്ത് പറയാതെയാണ് വിമർശനത്തിന്‍റെ കൂരമ്പുകൾ തൊടുത്തുവിട്ടത്. കോഴിക്കോട് കടപ്പുറത്ത് ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ തൊട്ടുപിന്നാലെയായിരുന്നു എഴുതിത്തയാറാക്കിയ പ്രസംഗത്തിലൂടെയുള്ള എം.ടിയുടെ വിമർശനം.
ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി. ഭരണകൂടം കൈയടക്കുക എന്നതുമാത്രമാണ് വിപ്ലവത്തിന്‍റെ ലക്ഷ്യമെന്ന് മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും എം.ടി തുറന്നടിച്ചു.
1957ൽ ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തിൽ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരാരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളിൽ ഇരമ്പിക്കൂടിയും വോട്ടുപെട്ടികൾ നിറച്ചും സഹായിച്ച ആൾക്കൂട്ടത്തെ, ഉത്തരവാദിത്തമുള്ള ഒരു സമൂഹമാക്കി മാറ്റിയെടുക്കാനുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്നും വിശ്വസിച്ചതു കൊണ്ടാണ് ഇ.എം.എസ് സമാരാധ്യനാവുന്നത്; മഹാനായ നേതാവാകുന്നത്. തന്‍റെ പരിമിതമായ കാഴ്ചപ്പാടിൽ, നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കൽപത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അതുകൊണ്ടാണെന്നും എം.ടി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.