വീണക്കെതിരായ അന്വേഷണം രാഷ്ട്രീയപ്രേരിതം; രാഷ്ട്രീയമായി നേരിടും -സി.പി.എം
text_fieldsതിരുവനന്തപുരം: എക്സാലോജിക് കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയമായി നേരിടാൻ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണ. വ്യക്തിക്കെതിരായ അന്വേഷണം എന്നതിനപ്പുറം കേന്ദ്രത്തിന്റേത് രാഷ്ട്രീയപ്രേരിത നീക്കമാണ്. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചത് ഇക്കാര്യം അടിവരയിടുന്നു. കെ.എസ്.ഐ.ഡി.സിയെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത് സർക്കാറിനെ കൂടി കൂട്ടുചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആര്.എല്ലില്‍ ഓഹരിയുള്ളതിനെ അടിസ്ഥാനമാക്കിയാണ് ഈ നീക്കം. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആര്.എല്ലില്‍ മാത്രമല്ല, 40 ഓളം കമ്പനികളില്‍ ഓഹരിയുണ്ട്. സി.എം.ആര്.എല്ലിൽ ഓഹരിനിക്ഷേപം നടത്തിയത് 1991ലാണ്. അന്ന് നിലവിലെ മന്ത്രിസഭയിലെ അംഗങ്ങളാരും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമാണെന്നിരിക്കെ, കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയുള്ള കേന്ദ്രനീക്കത്തെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കും. സ്വർണക്കടത്ത് കേസിൽ ഒന്നിലധികം കേന്ദ്ര ഏജൻസികൾ സർക്കാറിനെ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ രാഷ്ട്രീയമായാണ് ചെറുത്തത്. സമാന രീതിയിലെ പ്രതിരോധമാണ് എക്സാലോജിക് അന്വേഷണത്തിലും സ്വീകരിക്കുക. അനുബന്ധ വിവാദങ്ങളെ അവഗണിക്കാനും യോഗം തീരുമാനിച്ചു.
രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പൊതുരംഗത്തില്ലാത്ത സംരംഭകയുടെ പേര് വലിച്ചിഴച്ച് തുടരെ നടത്തുന്ന അപവാദപ്രചാരണങ്ങളുടെ ആവര്‍ത്തനമാണ് പുതിയ നീക്കമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സ് സമഗ്രമായി അവലോകനം ചെയ്തു. ജില്ലകളിൽനിന്നുള്ള വിശദ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.
സദസ്സ് വലിയ വിജയമായിരുന്നെന്നാണ് സംസ്ഥാന കമ്മിറ്റി യോഗത്തിന്റെയും അഭിപ്രായം. അതേസമയം സദസ്സിൽ വന്ന പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാകണം. കേന്ദ്രത്തിനെതിരായ പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. ഇടതുമുന്നണിയിലെ ചർച്ചകൾക്കുശേഷം തീയതി നിശ്ചയിക്കാനും തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിലായിരുന്നു സംസ്ഥാന കമ്മിറ്റി യോഗം നിശ്ചയിച്ചിരുന്നതെങ്കിലും അജണ്ട പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ടോടെ യോഗം പിരിഞ്ഞു.
ഒത്തുതീർപ്പും രഹസ്യബാന്ധവവും ഉന്നയിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണത്തിൽ കരുതലോടെ പ്രതികരിച്ച് പ്രതിപക്ഷം. വിഷയത്തിൽ സർക്കാറിനെ കടന്നാക്രമിക്കുന്നതിനു പകരം തെരഞ്ഞെടുപ്പ് വേളയിലെ സി.പി.എം-ബി.ജെ.പി ബാന്ധവമെന്ന ആരോപണമാണ് പ്രതിപക്ഷമുയർത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പും കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനെത്തിയെന്നും ഈ അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിഹിത രാഷ്ട്രീയ ബന്ധത്തിലാണ് അവസാനിച്ചതെന്നുമാണ് പ്രതിപക്ഷ ആരോപണം. ബി.ജെ.പിക്ക് തൃശൂർ സീറ്റ് ജയിക്കാനുള്ള സെറ്റിൽമെന്റിന്റെ ഭാഗമായി കരുവന്നൂരിലെ ഇ.ഡി അന്വേഷണം ഇഴയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തുന്നു. ലാവലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ, കരുവന്നൂർ കേസുകളിൽ സി.പി.എം സംഘ്പരിവാറുമായുണ്ടാക്കിയ ധാരണ മാസപ്പടി കേസിലും ഉണ്ടാക്കുമോയെന്ന് നിരീക്ഷിക്കുകയാണെന്നും സതീശൻ പറയുന്നു.
നാലുവർഷം മുമ്പ് നടന്ന റെയ്ഡിൽ ആദായ നികുതി വകുപ്പിന് ഇത്ര സുപ്രധാന വിവരം കിട്ടിയിട്ടും ഒരു വാർത്തപോലും പുറത്തുവരാതെ നാലുവർഷവും രഹസ്യമാക്കി വെക്കുകയായിരുന്നെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇന്ററിം സെറ്റിൽമെന്റ് ബോർഡ് വിധിപ്പകർപ്പ് പുറത്തുവന്നതോടെയാണ് വിവരം പരസ്യമാകുന്നത്. പിണറായി വിജയനെ സഹായിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്.
മുംബൈയിൽ ശിവസേനയുടെ സഞ്ജയ് റാവത്തിൽ നിന്ന് 11 ലക്ഷം മാത്രം ആദായ നികുതി വകുപ്പ് പിടിച്ചപ്പോൾ പിറ്റേന്ന് രാജ്യം മുഴുവൻ വാർത്തയാക്കിയ കേന്ദ്ര സർക്കാർ കേരളത്തിൽ 1.72 കോടിയുടെ ക്രമക്കേട് പിടിച്ചിട്ടും നാലുവർഷം മിണ്ടാതെ പൂഴ്ത്തിവെച്ചത് പിണറായിയെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.