അത്യസാധാരണം; രൺജിത്ത് വധത്തിലേക്ക് നയിച്ച ഷാൻ വധക്കേസിൽ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല
text_fieldsകൊച്ചി: സംസ്ഥാന നീതിന്യായ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധിപ്രസ്താവമാണ് രൺജിത്ത് വധത്തിൽ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി നടത്തിയിരിക്കുന്നതെന്ന് വിലയിരുത്തൽ. രാജ്യത്തുതന്നെ അത്യപൂർവമായേ ഇത്തരത്തിൽ കൂട്ടവധശിക്ഷ വിധിച്ചിട്ടുള്ളൂ. 2008ൽ 56 പേർ കൊല്ലപ്പെട്ട അഹ്മദാബാദ് സ്ഫോടനത്തിൽ പ്രതികളായ 38 പേർക്ക് വധശിക്ഷ വിധിച്ചതാണ് രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാ ഉത്തരവ്.
ഈ കേസിൽ 11 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. രാഷ്ട്രീയ കൊലപാതകക്കേസുകളിൽ അപൂർവമായേ വധശിക്ഷ വിധിക്കാറുള്ളൂ. ഒരു കേസിൽ വിചാരണ നേരിട്ട എല്ലാ പ്രതികൾക്കും ഇതിനുമുമ്പ് കൂട്ടത്തോടെ വധശിക്ഷ നൽകിയ വിധി മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിൽ മാത്രമാണുണ്ടായത്.
പ്രമാദമായ ജയകൃഷ്ണൻ വധത്തിൽ അഞ്ചു പ്രതികൾക്ക് തലശ്ശേരി അതിവേഗ കോടതി വധശിക്ഷ വിധിച്ചെങ്കിലും കേസ് സുപ്രീംകോടതിയിലെത്തിയതോടെ ഒന്നാം പ്രതിയുടെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റുള്ളവരെ വിട്ടയക്കുകയുമാണ് ചെയ്തത്. നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണകോടതി പ്രതികൾക്ക് ജീവപര്യന്തമാണ് വിധിച്ചത്.
എന്നാൽ, രൺജിത്ത് വധത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ടവർക്കും തൂക്കുകയർ വിധിച്ചിരിക്കുകയാണ്. വിചാരണ നേരിട്ട മുഴുവൻ പേർക്കും തൂക്കുകയർ ലഭിക്കുന്നതും ആദ്യമായാണ്. വധക്കേസിലെ വിധി പ്രാബല്യത്തിൽ വരണമെങ്കിൽ ഹൈകോടതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ വിധിയുടെ നിയമ, സാങ്കേതിക വശങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നിയമവിദഗ്ധരിൽ പലരും തയാറല്ലെങ്കിലും വിധിയിൽ അസാധാരണത്വമുണ്ടെന്ന അഭിപ്രായക്കാരാണ് ഏറെപ്പേരും.
അപൂർവങ്ങളിൽ അപൂർവമായ വിധിയെന്നാണ് ഹൈകോടതിയിലെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി പ്രതികരിച്ചത്. പ്രതികൾ അപ്പീൽ നൽകാതെതന്നെ കീഴ്കോടതി വിധി ശരിയാണോയെന്ന് ഹൈകോടതി പരിശോധിക്കും. അതിനുശേഷം ഹൈകോടതി ഉത്തരവ് വരുന്നതോടെ മാത്രമേ ശിക്ഷ സംബന്ധിച്ച യഥാർഥ രൂപമാവൂ.
അതേസമയം, രൺജിത്ത് വധത്തിലേക്കും തുടർന്നുള്ള രാഷ്ട്രീയ സംഘർഷത്തിലേക്കും നയിച്ച എസ്.ഡി.പി.ഐ നേതാവ് അഡ്വ. ഷാൻ വധത്തിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.