ഫോൺ പരിശോധന നിർണായകമാകുമെന്ന വിലയിരുത്തലിൽ അന്വേഷണസംഘം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണസംഘത്തെ വകവരുത്താൻ നടൻ ദിലീപിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ പരിശോധന നിർണായകമാകുമെന്ന വിലയിരുത്തലിൽ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ചയാണ് ദിലീപും കൂട്ടുപ്രതികളും കോടതിയിൽ മൊബൈൽ ഫോൺ ഹാജരാക്കേണ്ടത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തുടർ പദ്ധതികൾ ദിലീപ് ആസൂത്രണം ചെയ്തിരുന്നെന്നതിന് തെളിവുകൾ ഫോൺ പരിശോധനയിലൂടെ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്ന വിവരങ്ങൾക്കുള്ള തെളിവുകളും ഇത്തരത്തിൽ ലഭിക്കുമെന്നാണ് നിഗമനം. ഇത് സാധ്യമായാൽ കോടതിയുടെ അനുമതിയോടെ അറസ്റ്റിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്.
കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ദിവസമാണ് ദിലീപും സംഘവും മൊബൈല്‍ ഫോണുകള്‍ മാറ്റി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയത്. പഴയ ഫോണ്‍ ഹാജരാക്കാന്‍ ദിലീപിന് നോട്ടീസും നല്കി. എന്നാല്‍, ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന മറുപടിയാണ് ദിലീപ് ക്രൈംബ്രാഞ്ചിനെയും തുടർന്ന് കോടതിയെയും അറിയിച്ചത്.
അതേസമയം, ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചാല്‍ എല്ലാ വിവരവും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന് ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ട്. ദിലീപിന്റെ സഹോദരീഭർത്താവ് ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം. അതിൽ നിരവധി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാര്‍ അവകാശപ്പെട്ടു. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോണ്‍ പരിശോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.