വിശ്വനാഥന്റെ വീട്ടിലെത്തി അന്വേഷണസംഘം മൊഴിയെടുത്തു
text_fieldsകൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട വയനാട് സ്വദേശി വിശ്വനാഥന്റെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തു.
കൽപറ്റ അഡ്ലെയ്ഡിലെ പാറവയൽ വീട്ടിൽ വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ കോഴിക്കോട് മെഡിക്കൽ കോളജ് എ.സി.പി കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ സ്ഥലത്തെത്തിയ സംഘം ആദ്യം വിശ്വനാഥന്റെ മാതാവ് പാറ്റ, സഹോദരൻ ഗോപി എന്നിവരിൽനിന്നാണ് മൊഴിയെടുത്തത്.
തുടർന്ന് വൈകീട്ട് മൂന്നോടെ മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിഭാര്യ ബിന്ദു, മാതാവ് ലീല എന്നിവരുടെ മൊഴിയെടുത്തു. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ വിശ്വനാഥന്റെ കുഞ്ഞിനെ കഴിഞ്ഞ ദിവസം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നാണ് സംശയിക്കുന്നതെന്ന് സഹോദരൻ ഗോപി പറഞ്ഞു. മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നതടക്കം കുടുംബം നേരത്തേ ഉന്നയിച്ചിരുന്ന കാര്യങ്ങൾ അന്വേഷണ സംഘത്തോട് വീണ്ടും ആവശ്യപ്പെട്ടു.
വിശദമായി അന്വേഷിക്കും -എ.സി.പി
കൽപറ്റ: വിശ്വനാഥന്റെ കുടുംബാംഗങ്ങൾ പ്രകടിപ്പിച്ച സംശയങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് എ.സി.പി കെ. സുദർശൻ പറഞ്ഞു. വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യത്തിൽ കുടുംബം ഉറച്ചുനിന്നിട്ടില്ല. അന്വേഷണം മുന്നോട്ടുപോകട്ടെയെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അപ്പോൾ ഉന്നയിക്കാമെന്നുമാണ് അവരുടെ നിലപാട്.
സി.സി.ടി.വി ദൃശ്യങ്ങൾ മറ്റൊരു സംഘം സമഗ്രമായി പരിശോധിക്കുകയാണ്. കിട്ടിയ ദൃശ്യങ്ങളിൽനിന്ന് പ്രതികളെ തിരിച്ചറിയാൻ സാധിക്കും. സി.സി.ടി.വി ദൃശ്യങ്ങളിൽ കുറച്ച് ആളുകൾ കൂടിനിന്ന് സംസാരിക്കുന്നത് കാണാം. ആൾക്കൂട്ട വിചാരണ എത്രമാത്രമുണ്ടെന്ന് വ്യക്തമല്ല.
വിശ്വനാഥന്റെ ബാഗ് പരിശോധിക്കുന്നതും ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കേസെടുക്കാൻ വൈകിയെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.