യാക്കോബായ– ഓർത്തഡോക്സ് ലയന നീക്കം സജീവം
text_fieldsകൊച്ചി: ഇടവേളക്കുശേഷം മലങ്കരസഭയിൽ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ലയന നീക്കങ്ങൾ സജീവമായി. സംസ്ഥാന സർക്കാറിന്റെ ആശീർവാദത്തോടെയാണ് ഇതെന്നാണ് സൂചന. എന്നാൽ, ഇതിന് ഓർത്തഡോക്സ് സഭ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ലയനനീക്കം നടക്കുന്നുവെന്ന പ്രചാരണത്തെ യാക്കോബായ നേതൃത്വം നിഷേധിക്കുകയാണ്.
മലങ്കരസഭ തർക്കവുമായി ബന്ധപ്പെട്ട നിയമനിർമാണം സർക്കാറിന്റെ സജീവ പരിഗണനയിലാണ്. ഇതിന്റെ കരട് ഇടതുമുന്നണി അംഗീകരിക്കുകയും ചെയ്തിരുന്നു. ഇത് നടപ്പാക്കിയാൽ 2017ലെ സുപ്രീംകോടതി വിധിയിലൂടെ നേടിയ മേൽക്കൈ നഷ്ടമാകുമെന്ന തിരിച്ചറിവാണ് ലയന നീക്കത്തിന് ഓർത്തഡോക്സ് സഭ വഴങ്ങാൻ കാരണമെന്നാണ് വിവരം. സുപ്രീംകോടതി വിധിയോടെ അസ്തിത്വ പ്രതിസന്ധി നേരിടുന്ന യാക്കോബായ വിഭാഗത്തിനും നിയമപരമായ നിലനിൽപിന് നിയമനിർമാണമോ യോജിപ്പോ മാത്രമേ പോംവഴിയുള്ളൂവെന്ന തിരിച്ചറിവുള്ളതിനാൽ ലയന ചർച്ചകളോടുള്ള അവരുടെ എതിർപ്പ് താൽക്കാലികമാണെന്നാണ് ചുക്കാൻ പിടിക്കുന്നവരുടെ വിലയിരുത്തൽ.
സുപ്രീംകോടതി വിധി വന്നയുടൻതന്നെ ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. സഖറിയാസ് മാർ നിക്കോളവാസ് എന്നിവർ ലയനനീക്കവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയെ കണ്ടിരുന്നു. എന്നാൽ, ഇവരുടെ നീക്കത്തെ അന്ന് സഭതന്നെ തള്ളിക്കളയുകയായിരുന്നു. ഓർത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്ത ഇരുവരും യാക്കോബായ സഭയിൽനിന്ന് വന്നവരായതിനാൽ ഇതിനെ സംശയത്തോടെയാണ് അന്ന് സഭയിലെ ഒരുവിഭാഗം നോക്കിക്കണ്ടത്.
എന്നാൽ, അഞ്ച് വർഷത്തിനുശേഷം ഓർത്തഡോക്സ് സഭാ നേതൃത്വം തന്നെ സഭകളുടെ യോജിപ്പിന് തയാറായത് ശ്രദ്ധേയമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സഭ മാനേജിങ് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയായിരുന്നു. തർക്കം അവസാനിപ്പിക്കണമെന്നും സഭയുടെ കടുംപിടിത്തമാണ് പ്രശ്നം വഷളാക്കുന്നതെന്നും സർക്കാറിനടക്കം ആക്ഷേപമുണ്ടെന്നും ഇരുവിഭാഗവും ഒരുമിച്ച് പോകുന്നതിൽ സർക്കാറിന് താൽപര്യമുണ്ടെന്നും യോഗത്തിൽ സഭാനേതൃത്വം വിശദീകരിച്ചു. ഇതോടെയാണ് തുടർനടപടി സീകരിക്കാൻ മാനേജിങ് കമ്മിറ്റി യോഗം കാതോലിക്ക ബാവയെ ചുമതലപ്പെടുത്തിയത്. യോഗ തീരുമാനം സർക്കാറിനെയും അറിയിച്ചിട്ടുണ്ട്.
ഇതേസമയം, ഓർത്തഡോക്സ് നേതൃത്വത്തിന്റെ അനുനയ നീക്കത്തെ യാക്കോബായവിഭാഗം പൂർണമായും തള്ളുകയാണ്. തർക്കങ്ങൾ അവസാനിപ്പിച്ച് രണ്ട് സഭയായി മാറുന്നതിനുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്നാണ് അവരുടെ വാദം.1912ലെ ആദ്യ പിളർപ്പിനുശേഷം 1958ലാണ് ഇരുസഭയും യോജിച്ചത്. 1972ൽ വീണ്ടും രണ്ടാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.